ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെച്ചൊല്ലി സമ്മേളനത്തിൽ രൂക്ഷവിമർശം. സെമിനാർ ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി സിപിഐ എന്ന പേരു പറയാഞ്ഞതും സമ്മേളനത്തെ അഭിവാദ്യം ചെയ്യാത്തതുമാണ് പ്രതിനിധികൾ വിമർശനമായി ഉയർത്തിയത്. വ്യാഴാഴ്ച്‌ച രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ മലപ്പുറത്തുനിന്നുള്ള പ്രതിനിധി തുടങ്ങിവെച്ച വിമർശം കണ്ണൂരും കൊല്ലവും ഏറ്റെടുക്കുകയായിരുന്നു.
സമ്മേളനത്തെ അഭിവാദ്യം ചെയ്യേണ്ടത് രാഷ്ട്രീയ മര്യാദയാണെന്നായിരുന്നു വിമർശം. മുൻപും സിപിഎം നേതാക്കൾ സിപിഐ സമ്മേളനങ്ങളിൽ സെമിനാറിലടക്കം പങ്കെടുത്തിട്ടുണ്ടെന്നും അവരെല്ലാം ആ മര്യാദ കാട്ടിയിരുന്നെന്നും വിമർശകർ പറഞ്ഞു. എൽഡിഎഫിൽ സിപിഎമ്മിന്റെ ഏകാധിപത്യമാണെന്ന വിമർശനങ്ങൾക്കു പിന്നാലെയായിരുന്നു സെമിനാറും മുഖ്യമന്ത്രിയും ചർച്ചയായത്.
സെമിനാറിനു മുഖ്യമന്ത്രിയെത്തിയത് വലിയ പോലീസ് അകമ്പടിയിലാണ്. ഇതു വെറും ‘ഷോ’ ആയി. പാർട്ടി പരിപാടിക്കു വരുമ്പോൾ ഇത്രയും അകമ്പടി എന്തിനാണെന്ന് ഒരു പ്രതിനിധി ചോദിച്ചു. മതേതരത്വത്തിന്റെയും ഫെഡറലിസത്തിൻ്റെയും ഭാവി എന്ന വിഷയത്തിൽ ബുധനാഴ്‌ച നടന്ന സെമിനാറാണ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തത്. ഒന്നിലേറെ പ്രതിനിധികൾ വിമർശിച്ചിട്ടും പ്രമേയാവതാരകനായ ദേശീയ എക്സിക്യുട്ടീവ് കെ. പ്രകാശ് ബാബു ഇതിനു മറുപടി പറഞ്ഞില്ല.
