Headlines

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട്‌ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസിൽ അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് ഇതിൽ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റുഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്വേഷണറിപ്പോർട്ട് ലഭിച്ചതിന് ശേഷം എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മെമ്മറി കാർഡ് ഒരു വിവോ മൊബൈൽഫോണിലിട്ട് പരിശോധിച്ചെന്നും വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകൻ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു.

ഒന്നാംപ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടർന്ന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിരുന്നു. തുടർന്ന് 2021 ജൂലായ് 19-ന് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകി. അന്ന് കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ആരാണ് ഇത്തരത്തിൽ മെമ്മറി കാർഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാർഡ് മൊബൈലിൽ ഇടുമ്പോൾ കോപ്പി ചെയ്യാൻ എളുപ്പമാണെന്നും കോടതിയിൽ വാദിച്ചിരുന്നു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന് നേരത്തെ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോൾ യഥാക്രമം 2018 ജനുവരി ഒൻപതിനും ഡിസംബർ 13-നും കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാത്രിയിലാണ് കാർഡ് പരിശോധിച്ചത്. അതിനാലാണ് ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്നും അതിജീവിതയുടെ അഭിഭാഷകൻ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: