ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ്.

2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും, ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എൻ കരുണെന്ന് ജൂറി വിലയിരുത്തി. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി, ജി അരവിന്ദന്റെ കാമറാമാൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.

70 ഓളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയ തലത്തിൽ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങൾ നേടിത്തന്ന ഷാജി എൻ കരുൺ കേരള സർക്കാരിൻ്റെ പരമോന്നത ചലച്ചിത്രപുരസ്കാരത്തിന് ഏറ്റവും അർഹനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: