സിപിഎം തിരുവല്ല ഏര്യാ സെക്രട്ടറിക്കെതിരെ അച്ചടക്കനടപടി; ചുമതലയിൽ നിന്നും മാറ്റി

പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി. തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അഡ്വ. ഫ്രാൻസിസ് വി.ആൻറണിയെ ചുമതലയിൽ നിന്നും മാറ്റി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്നും ഫ്രാൻസിസ് വി ആന്റണിയെ നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി ജില്ലാകമ്മിറ്റി അംഗമായ പി.ബി.സതീശിനാണ് ഏരിയാ സെക്രട്ടറിയുടെ പകരം ചുമതല.


2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോല്പിക്കുന്നതിനായി ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഫ്രാൻസിസിനൊപ്പം ഇതേ വിഷയത്തിൽ ആരോപണവിധേയനായ പരുമല ലോക്കൽകമ്മിറ്റിയംഗത്തെ സി.പി.എമ്മിൽനിന്ന് പുറത്താക്കുകയുംചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

കടപ്ര പഞ്ചായത്ത് എട്ടാം വാർഡായ പരുമലയിലെ പാർട്ടി സ്ഥാനാർഥി മോളിക്കുട്ടിയെ തോൽപ്പിക്കാൻ ആഹ്വാനംചെയ്തെന്നാണ് ഫ്രാൻസിസിനെതിരായ ആരോപണം. സി.പി.എം. ശക്തികേന്ദ്രത്തിൽ മോളിക്കുട്ടി 350 വോട്ടുകൾക്ക് തോൽക്കുകയുംചെയ്തു. സ്ഥാനാർഥിക്കെതിരേ ഏരിയാ സെക്രട്ടറി പാർട്ടി പ്രവർത്തകയോട് ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയടക്കം മേൽഘടകത്തിന് പരാതിനൽകിയിരുന്നു. ജില്ലാ കമ്മിറ്റി ഈ വിഷയത്തിൽ അന്വേഷണ കമ്മിഷനെയും നിയോഗിച്ചിരുന്നു.

പരുമല ഉഴത്തിൽ ബ്രാഞ്ച് അംഗമാണ് മോളിക്കുട്ടി. ഇവരെ അടക്കം ചില അംഗങ്ങളെ ഒരു മാസം മുമ്പ് ബ്രാഞ്ചിൽനിന്ന് സസ്പെൻഡുചെയ്തിരുന്നു. ഇതോടെയാണ് പഴയ വിഷയം വീണ്ടും ചൂടുപിടിച്ചത്. ഫ്രാൻസിസിനെ നിലവിലുള്ള മുഴുവൻ ചുമതലകളിൽനിന്നു നീക്കണമെന്നതായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. എന്നാൽ ജില്ലയിൽനിന്നുള്ള ചില ഇടപെടീലുകളും മുതിർന്ന നേതാവെന്ന പരിഗണനയും നൽകി നടപടി ലഘൂകരിക്കുകയായിരുന്നു. ഏരിയാകമ്മിറ്റിയംഗമായും തിരുവല്ല അർബൻ സഹകരണബാങ്ക് പ്രസിഡന്റായും ഫ്രാൻസിസ് തുടരും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: