സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; നവംബർ ഇരുപത്തിയാറിനകം വിതരണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുമാസമായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഉത്തരവിറങ്ങി. നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നും നവംബർ ഇരുപത്തിയാറിനകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം.

ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല. പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് മണ്ഡല പര്യടനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെൻഷൻ വിതരണത്തിന് ഉത്തരവിറക്കിയത്.

നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശ്ശികയുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം ഇത്ര വലിയ കുടിശ്ശിക ക്ഷേമ പെൻഷനിലുണ്ടാകുന്നത് ആദ്യമാണ്. പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുൻഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങൾ ഉയരുന്നതിനിടയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചത്. 50,90390 പേരാണ് നിലവിൽ ലിസ്റ്റിലുള്ളതെന്നാണ് തദ്ദേശ വകുപ്പ് കണക്ക്. പെൻഷൻ കിട്ടുന്ന ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോൾ കിട്ടാനുള്ളത്. പെൻഷൻകാർ അടക്കം അടിസ്ഥാന ജനവിഭാഗങ്ങളിൽ അസംതൃപ്തിയുണ്ടാക്കുന്നത് വലിയ തിരിച്ചടിയാണെന്ന് സിപിഎം നേതൃയോഗത്തിലും വിമർശനം ഉയർന്നിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: