Headlines

ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി ആർ മേഘശ്രീ



ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല.


കളക്ഷന്‍ പോയിന്‍റിൽ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇന്ന് (ആഗസ്റ്റ് 4) പുഞ്ചിരിമട്ടം- 149, മുണ്ടക്കൈ- 125, സ്‌കൂള്‍ പരിസരം- 723, ചൂരല്‍മല ടൗണ്‍- 186, വില്ലേജ് ഏരിയ-75, പുഴയുടെ താഴ് വാരം- 42 എന്നിങ്ങനെ ആറു സോണുകളില്‍ വിവിധ സേനകളില്‍ നിന്നായി 1300 പേരും 188 ടീമുകളായി 1705 വളണ്ടിയര്‍മാരും ആണ് രക്ഷാ ദൗത്യത്തില്‍ ഉള്ളത്.3600 പേര്‍ക്കുള്ള പ്രഭാത ഭക്ഷണവും 5500 പേര്‍ക്കുള്ള ഉച്ചഭക്ഷണവും ഇവര്‍ക്കായി എത്തിച്ചു. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിട്ടുണ്ട്. ഓരോ സോണുകളിലേക്കും പ്രത്യേകം വാഹനങ്ങളിലാണ് ഭക്ഷണം എത്തിച്ചത്. മേപ്പാടി പോളിടെക്‌നിക് കോളേജില്‍ സജ്ജീകരിച്ച പൊതു അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകളും മറ്റും കളക്ഷന്‍ പോയിന്‍റുകളിൽ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തത്.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: