ജില്ലാ കേരളോത്സവം നവംബർ 11മുതല്‍ അഴൂരിൽ: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം ജില്ലാതല കേരളോത്സവം നവംബർ 11 മുതൽ 15 വരെ അഴൂർ ഗ്രാമപഞ്ചായത്തിൽ നടക്കും . ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം അഴൂർ കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളോത്സവം പോലുള നൂതനമായ പരിപാടികൾ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണെന്നത് ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈലജ ബീഗം യോഗത്തിൽ അധ്യക്ഷയായി.

കായിക മത്സരങ്ങൾ കാര്യവട്ടം എൽ.എൻ.സി.പി ഗ്രൗണ്ടിലും മറ്റ് പരിപാടികൾ അഴൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും സമീപത്തെ എൽ.പി, യു.പി സ്കൂളുകളിലുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ മത്സരിച്ച് ജയിക്കുന്നവരാണ് ജില്ലാതല കേരളോത്സവത്തിൽ പങ്കെടുക്കുന്നത്.

മന്ത്രിമാരായ എം.ബി.രാജേഷ്,വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു, എം. പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ. എ. റഹീം, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ശശി, ഡി. കെ. മുരളി, സി. കെ. ഹരീന്ദ്രന്‍, ഒ. എസ്. അംബിക, വി. ജോയി,കെ. ആന്‍സലന്‍, ജി. സ്റ്റീഫന്‍, ഐ. ബി. സതീഷ്, വി. കെ. പ്രശാന്ത്, എം. വിന്‍സെന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവരാണ് മേളയുടെ രക്ഷാധികാരികള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ ചെയര്‍മാനും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി ബോൺസ്ലെ ജനറൽ കണ്‍വീനറുമായ സംഘാടക സമിതിയുടെ കീഴില്‍ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ എന്നിവർ വർക്കിംഗ് ചെയർമാൻമാരുമാണ് . സംഘാടക സമിതി രൂപീകരണ യോഗത്തിൽ ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: