ദുരിതബാധിതരുടെ സഹായനിധിയിൽ നിന്നും ഇഎംഐ പിടിക്കരുത്; ബാങ്കുകൾക്ക് ഹൈക്കോടതി നിർദ്ദേശം




കൊച്ചി: വയനാട് ദുരിതബാധിതർക്ക് സർക്കാർ നൽകിയ സഹായ നിധിയിൽ നിന്നും ബാങ്കുകാർ ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ ദുരിതബാധിതരോട് അനുകമ്പ കാണിക്കണമെന്നും കോടതി പറഞ്ഞു. ധനസഹായമായ 10,000 രൂപയിൽ നിന്ന് കേരള ഗ്രാമീൺ ഇഎംഐ പിടിച്ചത് ഏറെ വാർത്തയായിരുന്നു.

സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. കേസ് ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് ബാങ്ക് വായ്പ തിരിച്ചു പിടിച്ചത്. വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സർക്കാരിന്‍റെയും ഉറപ്പ് പാഴ് വാക്കായി ചൂരൽമലയിലെ കേരള ഗ്രാമീണ ബാങ്കിൽ നിന്ന് വായ്പ എടുത്തവരിൽ നിന്ന് ഇഎംഐ പിടിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: