ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും., ഹമാസിന് അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്.

വാഷിങ്ടൺ: ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ജനുവരി 20 ന് മുമ്പ് വിട്ടയക്കണമെന്ന് ഹമാസിന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നത് ജനുവരി 20നാണ്. അതിന് മുമ്പ് ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്നും അല്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.


താൻ അധികാരമേൽക്കും മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത് സമ്പൂർണ നാശമെന്നാണ് ട്രംപിന്റെ ഭീഷണി. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, നിലവിൽ നടക്കുന്ന സമാധാന ചർച്ചകളിൽ താൻ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളിൽ ഇടപെടണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ കയറുന്നതിനുമുൻപു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആർക്കും ഗുണം ചെയ്യില്ല. ഇതിൽക്കൂടുതൽ ഞാൻ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബർ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു’’– ട്രംപ് പറഞ്ഞു.

ചർച്ചകൾ അന്തിമഘട്ടത്തിലാണു നിൽക്കുന്നതെന്നു മധ്യപൂർവേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതൻ ചാൾസ് വിറ്റ്‌കോഫ് പറഞ്ഞു. ‘‘എന്താണ് വൈകുന്നതെന്ന് ഇപ്പോൾ ഞാൻ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ പ്രകാരം ഈ അനുരഞ്ജനം നല്ലരീതിയിൽ മുന്നോട്ടുപോകുന്നു. നാളെ വീണ്ടും ദോഹയിലേക്കു പോകുകയാണ്. ട്രംപ് അധികാരമേൽക്കുമ്പോൾ മികച്ച ഒരു വാർത്ത പറയാനുണ്ടാകും’’ – വിറ്റ്കോഫ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: