ട്രെയിന്‍ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന യുവാവിനെ കൊല്ലം പുനലൂരില്‍ റെയില്‍വേ പൊലീസ് പിടികൂടി. തൃശൂർ പാവറട്ടി സ്വദേശി ഇരുപത്തിയാറു വയസുള്ള അജ്മലാണ് പിടിയിലായത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത അജ്മലിന് സംസ്ഥാനത്തെ വിവിധ ട്രെയിന്‍ കവര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് സൂചന.
ഇരുപത്തിയാറുകാരനായ അജ്മലിന്റെ മുഖം ട്രെയിന്‍യാത്രക്കാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തുടനീളം വിവിധ ട്രെയിനുകളില്‍ യാത്ര ചെയ്ത് യാത്രക്കാരുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതിയാണ്. തൃശൂർ പാവറട്ടി സ്വദേശി അജ്മല്‍. മൊബൈല്‍ മോഷ്ടാവാണെങ്കിലും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തയാളാണ് അജ്മല്‍. കഴിഞ്ഞദിവസം ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനില്‍ പുനലൂരില്‍ വന്നിറങ്ങിയപ്പോഴാണ് അജ്മലിനെ റെയില്‍വേ പൊലീസ് പിടികൂടിയത്.
പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ഫോണും, പണവും റെയില്‍വേ പൊലീസ് പിടിച്ചെടുത്തു. കൊല്ലം ജില്ലയിലെ അഞ്ചൽ, ഓയൂർ എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചാണ് പ്രതി നിരന്തരം ട്രെയിനില്‍ മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച ഫോണുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മൊബൈൽകടകളില്‍ വിൽപ്പന നടത്തുന്നതായിരുന്നു പതിവ്. അജ്മല്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു. പാലക്കാട് നിന്ന് പുനലൂര്‍ വഴി പോകുന്ന പാലരുവി എക്സ്പ്രസ് ട്രെയിനില്‍ ഉള്‍പ്പെടെ നിരന്തരം പ്രതി മോഷണം നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
