Headlines

സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിൽ നിന്ന് ‘ചില പരാമർശങ്ങൾ’ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും



ദില്ലി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങളാണ് നീക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും അനുവദിക്കുന്ന പ്രക്ഷേപണ സമയത്തിലേക്ക് നടത്തിയ പ്രസംഗങ്ങളിലാണ് നടപടി.

‘വർഗീയ ഏകാധിപത്യ ഭരണരീതി, കിരാതമായ നിയമങ്ങൾ, മുസ്ലിംകൾ തുടങ്ങിയ വാക്കുകളാണ് നീക്കിയത്. സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലുണ്ടായിരുന്ന രണ്ട് വാക്കുകൾ നീക്കം ചെയ്യുകയും, ഭരണത്തിന്റെ ‘പാപ്പരത്തം’ എന്ന പ്രയോഗത്തിന് പകരം പരാജയം എന്നാക്കി മാറ്റേണ്ടി വരികയും ചെയ്തു. ദില്ലിയിലെ ദൂരദർശൻ സ്റ്റുഡിയോയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ടെലിവിഷൻ പ്രഭാഷണം. അതേസമയം ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്റെ പ്രസംഗത്തിൽ നിന്ന് ‘മുസ്ലിംകൾ’ എന്ന വാക്ക് ഒഴിവാക്കി. കൊൽക്കത്തയിൽ നിന്നാണ് അദ്ദേഹത്തിന്റെ അഭിമുഖം ചിത്രീകരിച്ചത്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങൾ പ്രകാരമാണ് നടപടിയെന്നുംഇത്തരം നടപടികൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും പ്രസാർ ഭാരതി അധികൃതർ വിശദീകരണം നൽകി. മുഖ്യമന്ത്രിമാരുടെ പ്രസംഗങ്ങൾ പോലും ഇത്തരത്തിൽ തിരുത്തിയിട്ടുള്ള അവസരങ്ങളുണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു. മറ്റ് രാജ്യങ്ങൾക്കെതിരായ വിമർശനം, മതവിഭാഗങ്ങൾക്കെതിരായ ആക്രമണം, കലാപാഹ്വാനം, കോടിയലക്ഷ്യമാവുന്ന പരാമർശങ്ങൾ, രാഷ്ട്രപതിക്കും കോടികൾക്കുമെതിരായ വിമ‍ശനം, ഏതെങ്കിലും വ്യക്തികളെ പേരെടുത്ത് പറയുന്ന വിമർശനം, രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും എതിരായ പരാമർശങ്ങൾ, അപകീർത്തികരമായ പരാമ‍ർശങ്ങൾ തുടങ്ങിയവയൊന്നും അനുവദിക്കാനാവില്ലെന്നാണ് മാർഗനിർദേശങ്ങളെന്ന് അധികൃതർ വിശദീകരിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: