എടപ്പാൾ, കുന്നംകുളം :കുന്നംകുളത്തും തവനൂരിലും ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.
തവനൂരിൽ കളിക്കുന്നതിനിടെ പുഴയിലേക്ക് തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടെയും, കുന്നംകുളത്ത് കാലിലെ അഴുക്ക് കഴുകികളയുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണുമാണ് കുട്ടികൾ മരിച്ചത്.
തവനൂരിൽ കോഴിക്കോട് പ്രഭോദിനി സ്വദേശികളായആയൂർ രാജ് (13), അശ്വിൻ (11) എന്നിവരാണ്മരിച്ചത്.കുറ്റിപ്പുറം എം.ഇ.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആയൂർരാജ്.ഇന്ന് ഉച്ചക്ക് 2.30 മണിയോടെ ആയിരുന്നു അപകടം. തവനൂർ കാർഷികകോളജിന്റെ പിറക് വശത്തുള്ള കടവിൽ ഫുട്ബോൾ കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ മുങ്ങിതാഴുന്ന കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേക്കാൻ വന്ന ആളുകളാണ് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചത് ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുന്നംകുളത്ത് ഉണ്ടായ അപകടത്തിൽ വെള്ളിത്തിരുത്തി മടപ്പാത്ത് വളപ്പിൽ അഷ്കറിന്റെ മക്കളായ ഹഫനത്ത് (13) മഷിദ (9)എന്നിവരാണ് മരിച്ചത്.
പന്തല്ലൂര് ക്ഷേത്രത്തിന് പുറകുവശത്തുള്ള പാടത്തെ പാറക്കുളത്തിലാണ് ഇന്ന് വൈകീട്ട് നാലുമണിയോടെ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. പിതാവിനോടൊപ്പം അടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി ഇറങ്ങിയ കുട്ടികൾ കാലിൽ പറ്റിയ അഴുക്ക് കഴുകി കളയാനാണ് പാറക്കുളത്തിൽ ഇറങ്ങിയത് എന്നാണ് വിവരം.
കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിൽ അസി: സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യൂ. സീനിയർ ഫയർ ആൻഡ് റെക് ഓഫീസർ കൃഷ്ണദാസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ലൈജു ,രഞ്ജിത്ത്, റഫീഖ്, ലിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ വിഷ്ണുദാസ്, അശ്വിൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
