പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്ന സലാറിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചു. വിവിധ ഭാഷകളിൽ താൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഒരു സിനിമയിൽ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറയുന്നു. പ്രഭാസ് നായകനാകുന്ന സലാർ പാർട്ട് 1- സിസ് ഫയർ ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്
പ്രശാന്ത് നീലിന്റെ സംവിധാനവും ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം പുതിയ റെക്കോർഡുകൾ തീർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ പൃഥ്വിയുടെ അഞ്ച് ഭാഷയിലുള്ള ഡബ്ബിംഗ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. മിക്ക ഭാഷകളും തെറ്റു കൂടാതെ കൈകാര്യം ചെയ്യാനുള്ള പൃഥ്വിയുടെ കഴിവ് മുമ്പേ പ്രസിദ്ധമാണ്. സലാറിലെ ഡബ്ബിംഗിന്റെ ഓരോ ഘട്ടത്തിലും മോഡുലേഷനിൽ ഉൾപ്പടെ മെച്ചപ്പെടുത്തിയെടുക്കാൻ പൃഥ്വി കഠിന പരിശ്രമം നടത്തിയിട്ടുണ്ട്. ഒരു മലയാള നടനെ സംബന്ധിച്ച് സവിശേഷമായ ഒരു നേട്ടമായിട്ട് ഇതിനെ കാണാവുന്നതാണ്.അങ്ങനെ സലാർ ഡബ്ബിംഗ് പൂർത്തിയാക്കി. കാലങ്ങളായി ഞാൻ വർക്ക് ചെയ്തിട്ടുള്ള വിവിധ ഭാഷാ ചിത്രങ്ങളിലുടനീളമുള്ള കഥാപാത്രങ്ങൾ സ്വന്തം ശബ്ദം നൽകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് പല ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന് 5 വ്യത്യസ്ത ഭാഷകളിൽ ഒരേ സിനിമയിൽ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, പിന്നെ നമ്മുടെ മലയാളം. 2023 ഡിസംബർ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ദേവയും വരദയും നിങ്ങളെ കാണാൻ എത്തും’ എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
