കോടികളുടെ കുടിശിക; സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി



കോട്ടയം: കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റസിലെ വൈദ്യുതി കണക്ഷനാണ് വിഛേദിച്ചത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയ ആയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ല. ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപോകുന്നത്. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചെലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായി നടപടി കെഎസ്ഇബി തുടരുന്നത്.
നേരത്തെ പത്തനംതിട്ട റാന്നി ഡിഎഫ്ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുതി ബില്ലില്‍ കുടിശ്ശിക വന്നതോടെയാണ് കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. 17,000 രൂപ ആയിരുന്നു കുടിശിക. നേരത്തെ എറണാകുളം കലക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. 24 മണിക്കൂറിനു ശേഷമാണ് എറണാകുളം കലക്ടറേറ്റിലെ വൈദ്യുതി പുന:സ്ഥാപിച്ചത്. മാര്‍ച്ച് 31നകം 57 ലക്ഷം രൂപയുടെ കുടിശ്ശിക അടച്ച് തീര്‍ക്കുമെന്ന ജില്ല കലക്ടറുടെ ഉറപ്പിലാണ് ഊരിയ ഫ്യൂസ് പുന:സ്ഥാപിച്ചത്. കലക്ടേറ്റില്‍ ഒന്നരക്കോടി രൂപ മുതല്‍ മുടക്കി സ്ഥാപിച്ച സോളാര്‍ പാനല്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് കുടിശ്ശികയില്‍ കെഎസ്ഇബി ഫ്യൂസ് ഊരിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: