സംവിധായകൻ സുധീഷ് ശങ്കർ തന്നെ കടന്നു പിടിച്ചെന്ന പരാതിയുമായി നടി രംഗത്ത്. ഉറിയടി എന്ന മലയാള ചിത്രത്തിന്റെ സംവിധായകനാണ് സുധീഷ് ശങ്കർ. ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി കടന്നുപിടിച്ചെന്ന് നടി കൊല്ലം കഠിനംകുളം പോലീസിൽ പരാതി നൽകി. അഡ്ജസ്റ്റ്മെന്റുണ്ടാവും എന്നാലേ വേഷം കിട്ടൂ എന്ന് സുധീഷ് പറഞ്ഞതായി നടി പരാതിയിൽ പറയുന്നു.
സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി സംവിധായകൻ കടന്നുപിടിച്ചതായി അവർ പരാതിയിൽ പറയുന്നു. 2019-ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് അവർ പറഞ്ഞു. ഉറിയടി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലേക്ക് തന്നെ വിളിച്ചിരുന്നെന്ന് നടി പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളറായ ഷാനുവാണ് വിളിച്ചത്. സംവിധായകനെ അവിടെവെച്ചാണ് പരിചയപ്പെടുന്നത്. ഉറിയടിയിലേത് ശ്രദ്ധിക്കപ്പെടുന്ന വേഷമല്ലെന്ന് സുധീഷ് ശങ്കർ പറഞ്ഞിരുന്നു. ഒരു സീരിയൽ തുടങ്ങുന്നുണ്ട്, അതിനുവേണ്ടി നടത്തുന്ന ഓഡിഷനിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഓഡിഷന് പോയത്. മ്യൂസിയത്തിന് പിറകിലുള്ള ഒരിടത്താണെന്ന് പറഞ്ഞ് ഷാനു വിളിച്ചു. അവിടെ ചെന്നതിന് ശേഷമാണ് വേറെയാരും ഓഡിഷന് വന്നിട്ടില്ലെന്നും എല്ലാം പ്ലാൻചെയ്ത പ്രകാരമാണ് നടക്കുന്നതെന്നും മനസിലായതെന്നും അവർ വെളിപ്പെടുത്തി.
“ഷാനു സംസാരിക്കാൻ പറഞ്ഞതനുസരിച്ച് ഞാൻ സംവിധായകന്റെ മുറിയിലേക്ക് ചെന്നു. അദ്ദേഹം കഥയേക്കുറിച്ചും കഥാപാത്രങ്ങളേക്കുറിച്ചും നടീനടന്മാരേക്കുറിച്ചുമെല്ലാം സംസാരിച്ചു. എനിക്ക് ഏത് വേഷമാണ് തരുന്നതെന്ന് ഞാൻ ചോദിച്ചു. പറയാം, അതിന് കുറച്ച് ഡിമാൻഡുകളൊക്കെയുണ്ടെന്നായിരുന്നു സംവിധായകന്റെ മറുപടി. എന്താണെന്ന് വീണ്ടും ചോദിച്ചപ്പോൾ അഡ്ജസ്റ്റ്മെന്റുണ്ടാവും എന്നാലേ വേഷം കിട്ടൂ, എന്നെ എന്തായാലും ഹിറ്റാക്കും എന്നുപറഞ്ഞു. അങ്ങനെയൊരു പ്രശസ്തി എനിക്ക് വേണ്ടെന്ന് തുറന്നടിച്ച് പറഞ്ഞപ്പോൾ മദ്യലഹരിയിലായിരുന്ന അയാൾ എന്നെ കടന്നുപിടിച്ചു. തട്ടിമാറ്റിയപ്പോൾ വീണ്ടും ബലംപ്രയോഗിച്ചു. അയാളെ തള്ളിമറിച്ചിട്ടിട്ട് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു”, നടി പറയുന്നു.
തന്റെ സ്ഥാനത്ത് ഒരു പാവപ്പെട്ട കുട്ടിയായിരുന്നെങ്കിൽ പകച്ചുപോവുമായിരുന്നെന്ന് അവർ അഭിപ്രായപ്പെട്ടു. തനിക്ക് ധൈര്യവും ആരോഗ്യവും ഉള്ളതുകൊണ്ടാണ് രക്ഷപ്പെടാൻപറ്റിയത്. അന്ന് പരാതി കൊടുക്കാതിരുന്നത് അയാളുടെ കുടുംബത്തെ ഓർത്താണ്. എന്നാൽ, പിന്നീട് അറിയാൻ സാധിച്ചു സ്വന്തം ഭാര്യപോലും അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ടെന്ന്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യമെല്ലാം തുറന്നുപറഞ്ഞപ്പോൾ നിയമപരമായി മുന്നോട്ടുപോകാനാണ് എല്ലാവരും പറഞ്ഞത്. അങ്ങനെയാണ് പോലീസിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.
പ്രത്യേക അന്വേഷണസംഘത്തിനുമുമ്പാകെ മൊഴി കൊടുക്കാൻ തയ്യാറാണ്. പരാതി നൽകിയതിനുപിന്നാലെ പ്രൊഡക്ഷൻ കൺട്രോളറേയടക്കം വിളിച്ച് പോലീസ് അന്വേഷിച്ചു. അന്വേഷണത്തിൽ നല്ല പ്രതീക്ഷയാണുള്ളത്. പോലീസ് കേസെടുത്തിട്ടുണ്ട്. സത്യം എന്നെങ്കിലും തെളിയുമെന്നാണ് കരുതുന്നതെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

