Headlines

സിനിമാക്കാരെ കുടുക്കാൻ ഇഡി; സൂപ്പർ ഹിറ്റ് സിനിമകളുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിക്കും; തീരുമാനം ‘മഞ്ഞുമ്മൽ ബോയ്സ്’ വഴി കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതോടെ




കൊച്ചി : മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് ഇടപെടുന്നു. സിനിമയുടെ നിർമാതാക്കളുടെ അക്കൗണ്ടുകളും പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും ഇഡി മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു.

7 കോടി രൂപ അരൂർ സ്വദേശിയിൽ നിന്നും വാങ്ങുകയും പിന്നീട് ലാഭവിഹിതം നൽകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് പറവ ഫിലിംസിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമോപദേശം തേടിയത്.

സംഭവത്തെ തുടർന്ന് മലയാള സിനിമാ മേഖലയിൽ ശക്തമായ ഇടപെടലിന് ഒരുങ്ങുകയാണ് ഇഡി. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ഇ.ഡി ശേഖരിക്കും. സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം.

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്. കേരളത്തിലെ തീയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമാതാക്കൾ ഇ.ഡിക്കു കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.  ഒരു പക്ഷേ മലയാള സിനിമാ മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഇടപെടലിനാണ് ഇഡി ഒരുങ്ങുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: