തീരുവ കുറച്ചു ഭക്ഷ്യ എണ്ണ വില കുറയും;നേട്ടമാക്കാന്‍ എഫ്എംസിജി കമ്പനികള്‍





വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിക്കുമ്പോള്‍ ഇറക്കുമതി തീരുവ കുറച്ച് സര്‍ക്കാര്‍. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ ഭക്ഷ്യ എണ്ണയുടെ 20 ശതമാനം തീരുവ 10 ശതമാനമായാണ് കുറച്ചത്. സോയാബീന്‍, പാം, സൂര്യകാന്തി എണ്ണകളുടെ വിലയില്‍ ഇതോടെ കുറവുണ്ടാകും.

*എന്തുകൊണ്ട് തീരുവ?*

രാജ്യത്തെ ഉത്പാദകരെ സംരക്ഷിക്കുന്നതിനും പ്രദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ സെപ്റ്റംബറില്‍ ഉയര്‍ത്തിയത്. അതുവരെയില്ലാതിരുന്ന അടിസ്ഥാന തീരുവയാണ് 20 ശതമാനമാക്കിയത്. ഇതോടെ അസംസ്‌കൃത എണ്ണകളുടെ യഥാര്‍ഥ തീരുവ(മറ്റ് ഫീസുകള്‍ ഉള്‍പ്പടെ) 27.5 ശതമാനം വരെയായി. ശുദ്ധീകരിച്ച പാം, സൂര്യകാന്തി, സോയാബീന്‍ എണ്ണകളുടെ അടിസ്ഥാന തീരുവയാകട്ടെ 12.5 ശതമാനത്തില്‍നിന്ന് 32.5 ശതമാനവുമായി. ഇതോടെ വിപണിയില്‍ എണ്ണവില കുതിക്കുകയും ചെയ്തു.

*ആഗോള വിലയിടിവ്*

രാജ്യത്തെ ആവശ്യത്തില്‍ 57 ശതമാനവും ഇറക്കുമതി വഴിയാണ് നിറവേറ്റുന്നത്. എണ്ണക്കുരുവിന്റെ ആഗോള ഉത്പാദനം വര്‍ധിച്ചതും അതുമൂലം ആഗോളതലത്തിലുണ്ടായ വിലയിടിവും വന്‍തോതില്‍ ഭക്ഷ്യ എണ്ണ ഇന്ത്യയിലേയ്ക്ക് ഒഴുകാനിടയാക്കി. ഇതോടെ ആഭ്യന്തര വിലയില്‍ കുത്തനെ ഇടിവുണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഉത്പാദകരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര എണ്ണക്കുരു ഉത്പാദനം കൂട്ടുന്നതിന് കഴിഞ്ഞ ഒക്ടോബറില്‍ ഭക്ഷ്യ എണ്ണ-ഓയില്‍ പാം ദേശീയ മിഷന്‍ ആരംഭിക്കുകയും ചെയ്തു.

*തീരുവ തിരിച്ചടിയായി?*

തീരുവ വര്‍ധനവിനെ തുടര്‍ന്ന് വന്‍കിട കമ്പനികളായ അദാനി വില്‍മര്‍(ഇപ്പോഴത്തെ എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡ്), മാരികോ തുടങ്ങിയ കമ്പനികള്‍ സണ്‍ഫ്‌ളവര്‍ ഓയിര്‍, പാം ഓയില്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുകയും ചെയ്തു. രാജ്യത്തൊട്ടാകെ ഭക്ഷ്യ എണ്ണ വില കുതിക്കാനിതിടയാക്കി. പാം ഓയിലിന്റെ വിലയില്‍ മാത്രം 43 ശതമാനം വര്‍ധനവുണ്ടായി. ബിസ്‌കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസും ഇതോടെ ഉത്പന്നങ്ങളുടെ വില കൂട്ടാന്‍ നിര്‍ബന്ധിതരായി.

*നേട്ടമാക്കാന്‍ എഫ്എംസിജി കമ്പനികള്‍*

ഭക്ഷ്യ എണ്ണയുടെ വിപണി വില കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മെയ് 31ന് പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ അടിസ്ഥാന ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്ന് 10 ശതമാനമായി കുറച്ചത്. കസ്റ്റംസ് തീരുവയും അധിക ഫീസും ഉള്‍പ്പടെ മൂന്ന് എണ്ണകളുടെയും യഥാര്‍ഥ ഇറക്കുമതി തീരുവ 27.5 ശതമാനത്തില്‍നിന്ന് 16.5 ശതമാനമായി. അതേസമയം ശുദ്ധീകരിച്ച എണ്ണയുടെ ഇറക്കുമതി തീരുവ 32.5 ശതമാനമായി നിലനിര്‍ത്തുകയും ചെയ്തു. രാജ്യത്തെ വന്‍കിട എഫ്എംസിജി കമ്പനികള്‍ക്ക് ഇത് നേട്ടമാകും.

*ജനങ്ങള്‍ക്കും ആശ്വാസം*

ഒരു മാസത്തിനുള്ളില്‍ വിപണിയില്‍ ഭക്ഷ്യ എണ്ണ വിലയില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബിസ്‌ക്കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ, ഐടിസി തുടങ്ങിയ ഉള്‍പ്പെടുന്ന എഫ്എംസിജി കമ്പനികളുടെ ലാഭത്തില്‍ വരും പാദങ്ങളില്‍ കാര്യമായ വര്‍ധന തന്നെ പ്രതീക്ഷിക്കാം. സോപ്പുകളിലും ഡിറ്റര്‍ജന്റുകളിലും ഉപയോഗിക്കുന്ന പാം ഓയില്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്ക് വിലകുറഞ്ഞാല്‍ മറ്റ് കമ്പനികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും.

*വര്‍ധിക്കുന്ന ആവശ്യകത*

രാജ്യത്തെ ഭക്ഷ്യ എണ്ണ ഉപഭോഗം 20 വര്‍ഷത്തിനിടെ മൂന്നിരിട്ടിയായാണ് വര്‍ധിച്ചത്. പ്രതിശീര്‍ഷ ഉപഭോഗം 2001ലെ 8.2 കിലോഗ്രമില്‍നിന്ന് 23.5 കിലോഗ്രാമായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ICMR) ശുപാര്‍ശ ചെയ്തിട്ടുള്ള 12 കിലോഗ്രാം പരിധിയുടെ ഇരട്ടിയോളം വരുമിത്.
ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്നതിനാലാണ് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ നാഷണല്‍ മിഷന്‍ ഫോര്‍ എഡിബിള്‍ ഓയില്‍(NMEO-OP)പദ്ധതി തയ്യാറാക്കിയത്. മൊത്തം ആവശ്യത്തിന്റെ 72 ശതമാനത്തോളം നിറവേറ്റാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം ആവശ്യമുള്ള 26 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയില്‍ 11 ദശലക്ഷം ടണ്‍ മാത്രമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് പാം ഓയിലും അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് സോയാബീന്‍ ഓയിലും റഷ്യ, യുക്രെയിന്‍ എന്നിവിടങ്ങളില്‍നിന്ന് സൂര്യകാന്തി എണ്ണയും കൂടുതലായി ഇറക്കുമതി ചെയ്യുന്നു. ഉപഭോഗത്തില്‍ പാം ഓയിലാണ് മുന്നില്‍. 37 ശതമാനം. സോയാബീന്‍ എണ്ണ(20%), സൂര്യകാന്തി എണ്ണ(13%) എന്നിവയാണ് മറ്റ് എണ്ണകളുടെ വിഹിതം. പ്രാദേശിക വൈവിധ്യമനുസരിച്ച് കടുകെണ്ണയുടെയും വെളിച്ചെണ്ണയുടെുയം ഉപഭോഗവുമുണ്ട്.

വാണിജ്യാടിസ്ഥാനത്തില്‍ എഫ്എംസിജി കമ്പനികള്‍ വന്‍തോതില്‍ ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്നുണ്ട്. നഗരവത്കരണം, ഭക്ഷ്യ വൈവിധ്യം, ഹോട്ടല്‍-കാറ്ററിങ് വ്യവസായം തുടങ്ങിയവും ഭക്ഷ്യ എണ്ണയുടെ ആവശ്യകത വര്‍ധിപ്പിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതും റെഡി ടു ഈറ്റ്, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉണ്ടായ വര്‍ധനവും ഡിമാന്റില്‍ കുതിപ്പുണ്ടാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: