കൊച്ചി: വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക ഫീസായി ഈടാക്കുന്ന എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നീക്കം. പല എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവല്‍ക്കരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാര്‍ഗനിര്‍ദേശങ്ങളോ നിലവിലില്ല. പല കുട്ടികളും ഓപ്പണ്‍ സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ നേടി ഇത്തരം സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കോവിഡിന് ശേഷം കൂണ് പോലെ മുളച്ചുപൊങ്ങിയ പല ഓണ്‍ലൈന്‍ ട്യൂഷന്‍ കേന്ദ്രങ്ങളും ഇപ്പോള്‍ എന്‍ട്രന്‍സ് കോച്ചിങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷം ലക്ഷം രൂപ മുതലാണ് ഫീസ് ഈടാക്കുന്നത്. ഹോസ്റ്റല്‍ ഫീസെന്ന പേരില്‍ മാസം തോറും 10,000 രൂപയോളവും വാങ്ങിക്കുന്നുണ്ട്. ഒരു ക്ലാസില്‍ തന്നെ ചുരുങ്ങിയത് 50ലേറെ കൂട്ടികളെ ഇരുത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. സാധാരണക്കാരായ കുട്ടികളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത ഭാരമാണ് എന്‍ട്രന്‍സ് സ്ഥാപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വന്‍ ഫീസ്
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശത്തിന് വന്‍തുക വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഫീസ് പിരിവുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളില്‍ ഏകീകൃതമായി ഒരു ഫീസ്ഘടന രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്.

