ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയോടാണ് വിശദീകരണം തേടിയത്. ഏപ്രില്‍ 29- തിങ്കളാഴ്ച 11 മണിയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി രാജസ്ഥാനില്‍ പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു.
മുസ്ലീങ്ങളെ ധാരാളം കുട്ടികളുണ്ടാവുന്ന വിഭാഗമെന്നും കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്നുമായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും ഒട്ടേറെ വ്യക്തികളും തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിരുന്നു. നടപടി സ്വീകരിക്കാത്തതിൽ വിമർശനമുയരുന്നതിനിടെയാണ് കമ്മിഷൻ നോട്ടിസ് അയച്ചത്.
രാഹുൽ ഗാന്ധിക്കെതിരായ പരാതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. പ്രസംഗങ്ങളിലൂടെ തെക്ക് – വടക്ക് വിഭജനത്തിനു ശ്രമിച്ചെന്നാണ് രാഹുൽ ഗാന്ധിക്കെതിരായ പരാതി. കേരളത്തിലടക്കം പ്രചാരണത്തിനെത്തി രാഹുൽ ഇത്തരം പരാമർശം നടത്തിയെന്നാണ് ബിജെപിയുടെ പരാതി.
പരാതികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 77–ാം വകുപ്പു പ്രകാരമാണ് നടപടി. താരപ്രചാരകരുടെ ചുമതല പാർട്ടി അധ്യക്ഷന്മാർക്ക് ആയതിനാലാണ് ഖാർഗെയ്ക്കും ജെപി നഡ്ഡയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് നൽകിയത്.

