ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത് ആറ് കമ്പനികൾ വാങ്ങിയത് 38.10 കോടിയുടെ ഇലക്ടറൽ ബോണ്ട്.
കിറ്റക്സ് ഗ്രൂപ് ഓഫ് കമ്പനീസ്
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിൽ പ്രധാനി കിറ്റക്സ് കമ്പനി ഉടമയും 20-20 പാർട്ടി നേതാവുമായ സാബു ജേക്കബാണ്. ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) 25 കോടിയാണ് സാബു ജേക്കബിൻ്റെ ഉടമസ്ഥതയിലുള്ള കിറ്റക്സ് കമ്പനി സംഭാവന ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് സർക്കാരും ഉദ്യോഗസ്ഥവൃന്ദവും കേരളത്തിൽ ബിസിനസ് നടത്താൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 3500 കോടിയുടെ ബിസിനസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 2021 തെലങ്കാന സർക്കാർ പ്രത്യേക വിമാനത്തിൽ കിറ്റക്സ് ഉടമയെയും മാനേജ്മെൻ്റ് അധികൃതരെയും ചർച്ചയ്ക്ക് വിളിച്ചതായും സാബു ജേക്കബ് പറഞ്ഞിരുന്നു. വാറങ്കലിലാണ് കിറ്റക്സ് കമ്പനി ആരംഭിച്ചത്. 2023ൽ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ടു ഘട്ടമായിട്ടാണ് 25 കോടിയുടെ ഇലക്ടറൽ ബോണ്ട് കമ്പനി വാങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ കെ ചന്ദ്രശേഖര്‍ റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതി പരാജയപ്പെടുകയും കോൺഗ്രസ് സർക്കാർ നിലവിൽ വരുകയും ചെയ്തു.
ഐശ്വര്യ ബിസിനസ് കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ്
ആലപ്പുഴയിലെ കണിയാംകുളത്തുള്ള കമ്പനി 2019ൽ 5 കോടി രൂപയുടെ സംഭാവന നൽകിയത് ബിജെപിക്കാണ്. രാജേഷ് നായർ മോഹൻ, അനിതാ രാജേഷ് നായർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കമ്പനി കേരളത്തിൽ നിന്നും മുംബൈയിലേക്കും പിന്നീട് ബെല്ലാരിയിലേക്കും മാറിയിരുന്നു.
മുത്തൂറ്റ് ഫിനാൻസ്
ജോർജ് അല്കാണ്ടർ മുത്തൂറ്റിും ജോർജ് ജേക്കബിൻ്റെയും ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ് ബിജെപിക്കാണ് മൂന്ന് കോടി രൂപ സംഭാവന നൽകിയത്. 2019 ഏപ്രിലിൽ 30 ഇല്കടറൽ ബോണ്ടാണ് കമ്പനി വാങ്ങിയത്. ഏപ്രിൽ 25ന് തന്നെ ബിജെപി ഇത് പണമാക്കി മാറ്റിയിരുന്നു.
അപ്പോളോ ടയേഴ്സ്
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്പോളോ ടയേഴ്സ് കോൺഗ്രസിന് മൂന്നുകോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി സംഭാവന ചെയ്തത്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ മാസത്തിലാണ് അപ്പോളോ ടയേഴ്സ് ബോണ്ടുകൾ വാങ്ങിയത്.
ജിയോജിത് ഇൻവെസ്റ്റ്മെൻ്റ് സർവ്വീസസ് ലിമിറ്റഡ്
കൊച്ചിയിൽ റജിസ്റ്റർ ചെയ്ത ജിയോജിത് ഇൻവെസ്റ്റ്മെൻ്റ് സർവ്വീസസ് ലിമിറ്റഡ് 2022 ജനുവരിയിൽ 10 ലക്ഷം രൂപയുടെ 19 ബോണ്ടുകളാണ് വാങ്ങിയത്. ഇതിൽ 7.5 ലക്ഷം കോൺഗ്രസിനും 2.5 ലക്ഷം ബിജെപിക്കും ലഭിച്ചു. ജനുവരിയിൽ തന്നെ ഇരുപാർട്ടികളും ഇലക്ടറൽ ബോണ്ട് പണമാക്കി മാറ്റി.
ലുലു ഗ്രൂപ്പ്
ലുലു ഇന്ത്യ ഷോപ്പിങ് മാൾ രണ്ടു കോടിയുടെ ബോണ്ടാണ് വാങ്ങിയത്. 2022 ജനുവരിയിൽ ലുലുവിൻ്റെ സംഭാവന നൽകിയത് ബിജെപിക്കാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 2022 ജൂലൈ 11 മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തിരുന്നു.

