പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായെന്നും അതിനാൽ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. റെഗുലേറ്ററി കമ്മിഷൻ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണ്. നിരക്ക് വർധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.
വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വർധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്
