ന്യൂഡല്‍ഹി: ഹരിയാനയില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കി. 20 സീറ്റുകളിലെ വോട്ടിങ് മെഷീനുകളിലാണ് ഹാക്കിങ് നടന്നതെന്നും അതില്‍ ഏഴെണ്ണത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ മെഷീനുകളും സീല്‍ ചെയ്ത് സുരക്ഷിതമാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാല്‍, ദബ്‌വാലി, റെവാരി, പാനിപ്പത്ത് സിറ്റി, ഹോദല്‍, കല്‍ക്ക, നര്‍നൗള്‍ എന്നിവിടങ്ങളില്‍ ഹാക്ക് ചെയ്തതിന്റെ തെളിവുകള്‍ പാര്‍ട്ടി സമര്‍പ്പിച്ചു.
തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എല്ലാവരും കരുതിയിരുന്നതാണെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. തപാല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും മുന്നിട്ടു നിന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എണ്ണുമ്പോള്‍ മാത്രമാണ് ഇടിയാന്‍ തുടങ്ങിയതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഫലം സ്വീകാര്യമല്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പ്രസ്താവനയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ വ്യക്തമാക്കി.
