ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ദേശീയപാത 66ന്റെ ഭാഗമായി തിരുവനന്തപുരം ടെക്‌നോ പാർക്കിന് സമീപം കണിയാപുരം ജംഗ്ഷനിൽ 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ദേശീയ പാതയുടെ മധ്യത്തില്‍ 30 മീറ്റർ ഉയരത്തിൽ ഇരു വശവും കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ത്തി നിർമ്മിക്കുന്ന റോഡ് കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കുന്നതിനാല്‍ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിശാലമായ എലിവേറ്റഡ് കോറിഡോര്‍ നിർമ്മിക്കുക എന്ന നിര്‍ദ്ദേശം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയോട് ഉന്നയിച്ചു.
നിലവിലുള്ള അടിപ്പാതയുടെ പ്രൊപ്പോസൽ മൂന്നിരട്ടിയാക്കാനും ആറുവരി പാതയുടെ വീതിയിൽ വിസ്തൃതമാക്കുന്ന കാര്യം പരിഗണിക്കാമെന്നും ജംഗഷ്‌നിൽ ട്രാഫിക് തടസ്സം വരാത്ത രീതിയില്‍ വികസനം സാധ്യമാക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. എലിവേറ്റഡ് ഹൈവേ സാധ്യമാണോ എന്ന കാര്യം പരിശോധിക്കാൻ NHAI മെമ്പര്‍ വെങ്കിട്ടരമണനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ അനിലിനൊപ്പം എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ റഹിം എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
