Headlines

ഇലോൺ മസ്കിന്റെ സ്‌പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണം പരാജയം.

വാഷിങ്ടൺ: ഇലോൺ മസ്കിന്റെ സ്‌പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണം പരാജയം. ഇന്നലെ ടെക്സസിൽ നിന്നും വിക്ഷേപിച്ച സ്റ്റാർഷിപ് പ്രോട്ടോടൈപ് മിനിറ്റുകൾക്കുള്ളിൽ തന്നെ തകർന്ന് വീഴുകയായിരുന്നു. ഇന്നലെ പ്രാദേശിക സമയം 5:38ന് സൗത്ത് ടെക്‌സസിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്നായിരുന്നു സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപണം. ആദ്യ പരീക്ഷണ പേലോഡ് മോക്ക് സാറ്റലൈറ്റുകളുമായാണ് റോക്കറ്റ് കുതിച്ചുയർന്നത്. എന്നാൽ, വിക്ഷേപണം കഴിഞ്ഞ് എട്ട് മിനിറ്റുകൾക്ക് ശേഷം സ്‌പേസ്എക്‌സ് മിഷൻ കൺട്രോളിനു സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.


“ഞങ്ങൾക്കു സ്റ്റാർഷിപ്പുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്‌ടമായി”– ദൗത്യം പരാജയപ്പെട്ടെന്നു സ്ഥിരീകരിച്ചശേഷം സ്‌പേസ് എക്‌സ് കമ്യൂണിക്കേഷൻസ് മാനേജർ ഡാൻ ഹ്യൂട്ട് പറഞ്ഞു.‌ സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്‌സിക്കോ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണു സഞ്ചരിച്ചത്. അതേസമയം, ബൂസ്റ്റർ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റൻ ‘യന്ത്രക്കൈകൾ’ അതിനെ സുരക്ഷിതമായി പിടിച്ചെടുക്കുകയും ചെയ്തു.

ഭൂമിയിലേക്ക് തിരികെ എത്തിച്ച് പുനരുപയോഗിക്കാവുന്ന ബൂസ്റ്ററുകളാണ് സ്റ്റാർഷിപ്പിൻ്റെ പ്രത്യേകത. ആ ഘട്ടം വിജയിച്ചെങ്കിലും എൻജിൻ ഫയർവോളിനു മുകളിലെ ഭാഗത്ത് ഓക്സിജൻ/ഇന്ധന ചോർച്ച വന്നതോടെ കൂടുതൽ സമ്മർദം രൂപപ്പെട്ട് ഫസ്റ്റ് സ്റ്റേജ് ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്റ്റാർഷിപ് പരീക്ഷണം നേരത്തേയും പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കുമ്പോഴായിരുന്നു അപകടം. ഇപ്പോഴത്തെ സംഭവത്തെ തുടർന്നു മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ചില വിമാനങ്ങൾ സർവീസ് നിർത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 20 വിമാനങ്ങൾ വഴിതിരിച്ചു വിട്ടെന്നു ഫ്ലൈറ്റ്റഡാർ24 അറിയിച്ചു.

‘വിജയം അനിശ്ചിതത്വത്തിലാണ്, പക്ഷേ വിനോദം ഉറപ്പാണ്’ എന്നായിരുന്നു വിഡിയോ പങ്കുവച്ച് ഇലോൺ മസ്ക് എക്സിൽ കുറിച്ചത്. മുൻ പതിപ്പുകളേക്കാൾ 2 മീറ്റർ (6.56 അടി) ഉയരമുള്ളതായിരുന്നു പുതിയ സ്റ്റാർഷിപ്. ടെക്‌സസിൽനിന്നു വിക്ഷേപിച്ച് ഒരു മണിക്കൂറിനുശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ നിയന്ത്രിതമായി തിരിച്ചിറക്കാനായിരുന്നു പദ്ധതി. മനുഷ്യരെയും സാധനങ്ങളെയും ചൊവ്വയിലേക്കു വിടാനും ഭൂമിയുടെ ഭ്രമണപഥത്തിലേക്കു ഉപഗ്രഹങ്ങളെ വിന്യസിക്കാനും കഴിയുന്ന റോക്കറ്റ് നിർമിക്കാനുള്ള മസ്‌കിന്റെ പദ്ധതിയുടെ ഭാഗമാണു സ്റ്റാർഷിപ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: