മലയാളികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച സിനിമയായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഓരോ ചെറിയ അപ്‍ഡേറ്റുകൾ പോലും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.
ബോഡി ഗാർഡുകൾക്ക് നടുവിലൂടെ ഖുറേഷി അബ്രാം ആയി നടന്നുവരുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ പ്രതീക്ഷ കൂട്ടുന്നതരത്തിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണിപ്പോൾ. രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള ഒരു ലൊക്കേഷൻ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തുവരും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്.
ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഷൈൻ ടോം ചാക്കോയും ഷറഫുദ്ദീനും എമ്പുരാനിലുണ്ടെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കും എമ്പുരാൻ

