ചിന്നക്കനാൽ: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് സർക്കാർ. ആനയിറങ്കൽ -ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ആദ്യം ഒഴിപ്പിച്ചത്.
ജില്ലാ കലക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കർ അമ്പത്തി അഞ്ച് സെന്റ് സ്ഥലലമാണ് ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയിൽ ദൗത്യസംഘം സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥർ സീൽ ചെയ്തു.
അതിരാവിലെ ആറുമണിയോടെയാണ് ദൗത്യസംഘം സ്ഥലത്തെത്തിയത്. കോടതിയിൽ സമർപ്പിച്ച കയ്യേറ്റങ്ങളുടെ പട്ടികയിലുള്ള ഏലത്തോട്ടമാണ് ഇത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടെന്ന് കാണിച്ച് റ്റിജു നൽകിയ അപ്പീൽ ജില്ലാ കലക്ടർ തള്ളിയതിന് പിന്നാലെയാണ് നടപടി.
