Headlines

സമാജ് വാദി  പാർട്ടി എം പിയുമായി വിവാഹ നിശ്ചയം ; റിങ്കു സിങ്ങിനെ വോട്ടർമാർക്കുള്ള ബോധവത്ക്കരണ കാമ്പയിനിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലഖ്നോ: സമാജ് വാദി പാർട്ടി എം.പിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം റിങ്കു സിങ്ങിന്റെ വിവാഹ നിശ്ചയം. ഇതോടെ വോട്ടർമാർക്കുള്ള ബോധവത്കരണ കാമ്പയിനിൽനിന്ന് താരത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷൻ. സമാജ് വാദി പാർട്ടി എം.പി പ്രിയ സരോജുമായാണ് റിങ്കു സിങ്ങിന്റെ വിവാഹം ഉറപ്പിച്ചത്. ജൂൺ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അടുത്ത വർഷം ഫെബ്രുവരിയിലാണ് വിവാഹം

ഇലക്ഷൻ കമീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) എന്ന പ്രചാരണ പരിപാടിയിലെ സ്റ്റാർ കാമ്പയിനറായാണ് റിങ്കുവിനെ നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രിയയുമായുള്ള വിവാഹ നിശ്ചയത്തിനു പിന്നാലെ റിങ്കുവിനെ സ്വീപ്പിന്റെ പോസ്റ്ററുകളും വിഡിയോകളുമടക്കമുള്ള എല്ലാ പ്രചാരണ പ്ലാറ്റ്ഫോമുകളിൽനിന്നും ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇലക്ഷൻ കമീഷനിൽനിന്ന് ലഭിച്ച ഉത്തരവനുസരിച്ച് യു.പി ഡിസ്ട്രിക്ട് ഇലക്ഷൻ ഓഫിസറും അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമായ ലളിത പ്രസാദാണ് എല്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും സ്വീപ് ടീമുകൾക്കും റിങ്കുവിനെ ഒഴിവാക്കാനുള്ള നിർദേശം കൈമാറിയത്.


റിങ്കുവിന്റെ സാന്നിധ്യമുള്ള എല്ലാ പോസ്റ്ററുകളും ബാനറുകളും ഹോർഡിങ്ങുകളും നീക്കാൻ ഇതിനകം നടപടികൾ തുടങ്ങിക്കഴിഞ്ഞു. എസ്.പി എം.പിയുമായി വിവാഹം നിശ്ചയിച്ച സ്ഥിതിക്ക് റിങ്കുവിനെ പരസ്യത്തിൽ ചിത്രീകരിക്കുന്നത് രാഷ്ട്രീയമായി കൂട്ടിക്കെട്ടാനും ദുർവ്യാഖ്യാനം ചെയ്യാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തെര. കമീഷന്റെ നടപടി.

വിവാഹ നിശ്ചയത്തിനുശേഷം പ്രതിശ്രുത വധുവായ എം.പിയുമൊത്ത് ക്രിക്കറ്റ് മത്സര ഗാലറികളും മറ്റ് പരിപാടികളിലുമൊക്കെ റിങ്കു പ്രത്യക്ഷപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികളോടൊന്നും ഇതുവരെ പരസ്യമായി ആഭിമുഖ്യം തുറന്നുപറഞ്ഞിട്ടില്ലാത്ത റിങ്കു കഴിഞ്ഞ വർഷം ആഗസ്റ്റിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടതിന്റെ ചിത്രങ്ങൾ ‘എക്സി’ൽ പങ്കുവെച്ചിരുന്നു. ‘ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയെ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഏറെ നന്ദിയുള്ളവനാണ്’ -ചിത്രത്തിനൊപ്പം അന്ന് റിങ്കു കുറിച്ചതിങ്ങനെ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: