യൂറോ കപ്പിൽ ഇംഗ്ലണ്ട് സെമിയിൽ കടന്നു.ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇംഗ്ലീഷ് വീരന്മാരുടെ പടയോട്ടം. 5 -3 നാണ് ഇംഗ്ളണ്ടിന്റെ വിജയം. അട്ടിമറി വീരന്മാരായ സ്വിറ്റ്സർലണ്ടിന്റെ കുതിപ്പ് ഇംഗ്ലണ്ടിന് മുന്നിൽ അവസാനിച്ചു. പ്രീമിയർ ലീഗിന്റെ കളിത്തൊട്ടിലിൽ നിന്ന് ഇംഗ്ലണ്ട് ഒരു കിരീടം സ്വപ്നം കാണുകയാണ്. ആരാധകരെ മോഹിപ്പിച്ച് മടങ്ങുന്നവർ എന്ന പതിവ് ചൊല്ല് മാറ്റാൻ ഇനി അവർക്ക് രണ്ട് മത്സരം കൂടി
ആദ്യം കരുത്തരായ ജർമനിയെ സമനിലയിൽ കുരുക്കി. പിന്നെ പ്രതിരോധത്തിന് പുകൾ പെറ്റ ഇറ്റലിയെ തുരത്തി. പക്ഷെ അതിവേഗം നീങ്ങുന്ന ഇംഗ്ലീഷ് പടയ്ക്ക് മുന്നിൽ ചുവന്ന കുപ്പായക്കാർക്ക് കാലിടറി. പന്തടക്കത്തിലും ഷോട്ടുകളിലും ഇംഗ്ലണ്ട് ആയിരുന്നു അല്പം മുന്നിൽ. സാക്ക ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചു. ആദ്യം ഗോളടിച്ചത് സ്വിറ്റസർലാൻഡ്. ബ്രീൽ എംബോളോ ഇംഗ്ളീഷ് ഗോൾ മുഖം തുളച്ചു.
ഇംഗ്ലണ്ട് തിരിച്ചടിച്ചു. പിന്നെ എത്രയോ മുന്നേറ്റങ്ങൾ. ഇഞ്ചോടിച്ചു നീക്കങ്ങൾ. അധിക സമയത്തും സമനില. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. അവിടെ ഇംഗ്ലീഷ് ഗോളി പിക് ഫോർഡിന്റെ കരങ്ങൾ സുരക്ഷിതമായിരുന്നു. ഇംഗ്ലീഷ് വസന്തം വിടർന്നു. അട്ടിമറി വീരന്മാർക്ക് കണ്ണീരോടെ മടക്കം

