പലപ്പോഴും വിവാദങ്ങളുടെ പേരിലാണ് നടൻ ബാല വാർത്തകളിൽ ഇടംപിടിക്കുന്നത്. താരം വിവാദങ്ങളിൽപെടുന്നതാകട്ടെ കുടുംബ ബന്ധങ്ങളുടെ പേരിലും. ഗായിക അമൃതാ സുരേഷായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. അമൃതയുമായി വിവാഹമോചനം നേടിയതിന് ശേഷം ഡോക്ടർ എലിസബത്ത് ഉദയനെ ജീവിത പങ്കാളിയാക്കി. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല. എന്നാൽ, പിന്നീട് ഈ ബന്ധവും ഉപേക്ഷിച്ച നടൻ ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്യുകയുമായിരുന്നു. ഇതിനിടെ ഒട്ടേറെ തവണ താരം വാർത്തകളിൽ നിറഞ്ഞു. എല്ലാം തന്നെ മുമ്പ് സൂചിപ്പിച്ചതു പോലെ വിവാഹവും വിവാഹ മോചനവും ഒക്കെ സംബന്ധിച്ച വിവാദങ്ങളായിരുന്നു താനും. ഇപ്പോഴിതാ, നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് എലിസബത്ത് തന്റെ മുൻ ഭർത്താവായ താരത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
കിടപ്പുമുറിയിലെ തന്റെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ബാല പതിവായി ഭീഷണിപ്പെടുത്തുമായിരുന്നു എന്നാണ് എലിസബത്ത് വെളിപ്പെടുത്തുന്നത്. നടൻ തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു. തനിക്ക് വന്ധ്യതയാണെന്ന് ബാല പരസ്യമായി പറഞ്ഞെന്നും എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിൽ പറയുന്നു.
എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ…
‘പഴയ സംഭവങ്ങൾ പുറത്തു പറയുമെന്നും, കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും, വിഷാദരോഗത്തിന് ഞാൻ ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ് അയാൾ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ എന്നെ മാനസികമായി പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു. അയാൾ ഒരുപാട് പെൺകുട്ടികളെ വഞ്ചിച്ചിട്ടുണ്ട്. നിസ്സഹായതയും പേടിയും മൂലം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി വിളിച്ചു പറഞ്ഞു. ഞാൻ അയാൾക്ക് മരുന്ന് മാറി കൊടുത്തുവെന്ന് പറയുന്നു.’
‘ഞങ്ങൾ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന കാലത്ത് അയാൾ മറ്റ് പെൺകുട്ടികൾക്ക് അയച്ച മെസേജുകളും വോയിസ് ക്ലിപ്പുകളും എന്റെ കൈയിൽ ഇപ്പോഴും ഉണ്ട്. അയാൾ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാൾ എന്നെ വിവാഹം ചെയ്തു. പോലീസിന്റെ മുമ്പിൽവെച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്‌നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന് അയാളും അയാളുടെ അമ്മയും എന്നോടു പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും അയാൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങൾ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടർന്നാൽ അയാൾക്കെതിരെ ഞാനും കേസ് കൊടുക്കും’ എലിസബത്ത് കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിൽ ബാലയ്ക്കെതിരെ പോലീസ് കേസ് എടുത്തത്. അതിനു പിന്നാലെയാണ് ഇപ്പോൾ എലിസബത്ത് ഉദയനും ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കോടതി രേഖകളിൽ ബാല കൃത്രിമം കാണിച്ചെന്നാണ് അമൃത സുരേഷിന്റെ പരാതി. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്.
കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്.
വർഷങ്ങളായി മുൻഭാര്യ അമൃതയ്‌ക്കെതിരെ ആരോപണമുയർത്തി നടൻ ബാല രംഗത്തുണ്ട്. ആ കാലയളവിലൊന്നും അമൃത തന്റെ ഭാഗം തുറന്നുകാട്ടാനോ ബാലയ്‌ക്കെതിരെ സംസാരിക്കാനോ തയ്യാറായിരുന്നില്ല. കോടതിയുടെ പരിഗണനയിൽ ഒത്തുതീർപ്പാക്കിയ ഡിവോഴ്സ് വിഷയമായതിനാൽ തന്റെ നിലപാടിൽ അമൃത ഉറച്ചുനിന്നു. എന്നാൽ, ബാല വിടാൻ ഭാവമുണ്ടായിരുന്നില്ല. അമൃതയെ സ്ഥിരം അധിക്ഷേപിച്ച് കൊണ്ടിരുന്നു. വളർന്നുവരുന്ന ഒരു മകൾ തനിക്കുണ്ടെന്ന് ബോധ്യമില്ലാതെയായിരുന്നു ഈ അധിക്ഷേപമെന്ന് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടി.
അടുത്തിടെ ആദ്യമായി ബാലയ്‌ക്കെതിരെ മകൾ രംഗത്ത് വന്നിരുന്നു. അമ്മയെ ഉപദ്രവിക്കുമായിരുന്നുവെന്നും, തനിക്ക് ഒരിക്കൽ പോലും ഒരു സമ്മാനം അയക്കുകയോ തന്നെ കാണണമെന്ന് അമ്മയെ വിളിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മകൾ പറഞ്ഞത്. ഇതോടെ, കരഞ്ഞുകൊണ്ട് വികാരഭരിതനായി ബാല വീണ്ടും വന്നു. ഈ കരച്ചിലിൽ സോഷ്യൽ മീഡിയ വീണു. തുടർന്ന് അമൃതയ്ക്കും മകൾക്കും നേരെ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. വിവാദം കെട്ടടങ്ങിയ സമയം, അമൃത ബാലയ്‌ക്കെതിരെ കേസ് നൽകി. വ്യക്തിഹത്യ ചെയ്തെന്നാരോപിച്ചായിരുന്നു കേസ്. പോലീസ് ബാലയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എന്നിട്ടും ബാല ആരോപണങ്ങൾ അവസാനിപ്പിച്ചില്ല. തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ബാലയുടെ ആരോപണം
