കോഴിക്കോട് : ബോര്‍ഡ് പരീക്ഷ അടക്കമുള്ളവ അടുത്തെത്തിക്കഴിഞ്ഞു. എല്ലാ വിദ്യാര്‍ഥികളും ഏതെങ്കിലുംതരത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്ന കാലം കൂടിയാണ് ഈ പരീക്ഷാക്കാലം. വിദ്യാര്‍ഥികള്‍ മാത്രമല്ല, മാതാപിതാക്കളും വലിയ സമ്മർദം നേരിടുന്ന കാലംകൂടിയാണിത്. പരീക്ഷയെത്തുന്നതിന് മുന്‍പ് എല്ലാ വിഷയങ്ങളും പഠിച്ചുതീരുമോ? പഠിച്ച കാര്യങ്ങളെല്ലാം ശരിക്ക് എഴുതാന്‍ സാധിക്കുമോ? എന്നിങ്ങനെയുള്ള ചിന്തകളാകും കുട്ടികളെ അലട്ടുക. മാതാപിതാക്കൾക്കും ഇക്കാലത്ത് ഈ ആധികളുണ്ടാകും. എങ്ങനെയാണ് ഈ സമ്മർദം മറികടക്കുക? അതിന് ചില വഴികളുണ്ട്:
പരീക്ഷാക്കാലത്ത് മാതാപിതാക്കള്‍ നേരിടുന്ന മാനസികസമ്മര്‍ദ്ദം നേരിട്ടോ അല്ലാതെയോ കുട്ടികളെയും ബാധിക്കും. അതിനാല്‍ ഇത്തരം ടെന്‍ഷന്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം മാനസികസമ്മര്‍ദ്ദങ്ങള്‍ കുട്ടികളില്‍ ശ്രദ്ധക്കുറവ്, ഓര്‍മശക്തിക്കുറവ് എന്നിവയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് കുട്ടികളുടെ കഴിവിന്റെ അവസാന വാക്കാണെന്ന ധാരണ മാറ്റണം. പഠിച്ച കാര്യങ്ങള്‍ എത്രത്തോളം അവരിലേക്കെത്തി എന്നറിയാനുള്ള അവലോകനം മാത്രമായി പരീക്ഷയെ കാണണം. മറ്റുള്ള കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്തരുത്.
സമാനമായ സാഹചര്യം നേരിടുന്ന മാതാപിതാക്കളുമായി തുറന്ന് സംസാരിക്കുന്നതും ഒരുപരിധി വരെ മാതാപിതാക്കളിലെ ഈ പരീക്ഷാപ്പേടി കുറയുന്നതിന് സഹായകരമാകും. പാഠപുസ്തകള്‍ റിവൈസ് ചെയ്യുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് കുട്ടികളെ സഹായിക്കുക. അവര്‍ക്ക് പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടെന്ന തോന്നലുണ്ടാക്കിയെടുക്കാന്‍ ഇത് സഹായകരമാകും.
പരീക്ഷാക്കാലത്ത് ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ, തലവേദന പോലുള്ളവ കുട്ടികളെ ബാധിച്ചേക്കാം. ഉറക്കമൊഴിച്ചുള്ള പഠനം മാനസിക സമ്മര്‍ദ്ദം കൂടാനേ ഉപകരിക്കൂ. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയുമാണ് വേണ്ടത്. പരീക്ഷാദിവസം ചിലരെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ഇതൊരിക്കലും ചെയ്യരുത്. പരീക്ഷയെക്കുറിച്ച് ആലോചിച്ച് ഇങ്ങനെ ടെന്‍ഷന്‍ അടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷംചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സിലബസില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളെല്ലാം കൃത്യമായി പഠിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയുന്നതിന് കുട്ടികൾക്ക് സഹായകരമാകും. പരീക്ഷാസമയത്ത് അറിയാവുന്ന ചോദ്യങ്ങള്‍ക്ക് എല്ലാം ആദ്യം ഉത്തരമെഴുതുക. പരീക്ഷകളെ നേരിടുമ്പോള്‍ ഇങ്ങനെ സമയക്രമം പാലിക്കുന്നതിന് കുട്ടികള്‍ മുന്‍തൂക്കം നല്‍കുകയാണ് വേണ്ടത്. പരീക്ഷാസമയങ്ങളില്‍ കൃത്യമായ ഉറക്കത്തിനും വ്യായാമം പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുക. പതിവില്‍കവിഞ്ഞുള്ള സമ്മര്‍ദ്ദം കുട്ടികള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ മാത്രം വിദഗ്ധരുടെ ഉപദേശം തേടുക.
