തിരുവനന്തപുരം: കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ വിയോജിപ്പുമായി കൃഷിമന്ത്രി പി പ്രസാദ്. ഗോത്രപാരമ്പര്യവും തനിമയും പ്രദർശിപ്പിക്കാം. പക്ഷെ ഒരു മനുഷ്യനെയും വെറും പ്രദർശന വസ്തുവാക്കാൻ പാടില്ലെന്നും മന്ത്രി പ്രസാദ് പറഞ്ഞു.

ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിൽ മന്ത്രി കെ രാധാകൃഷ്ണൻ കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസി ജനത. അത്തരത്തിൽ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നൽകും. കേരളീയത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ആദിവാസി വിഭാഗം പ്രദർശന വസ്തുവല്ല എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
എന്നാൽ ആദിവാസി കലകളാണ് പ്രദർശിപ്പിച്ചതെന്നും, കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിയിട്ടില്ലെന്നുമാണ് ഫോക് ലോർ അക്കാദമി ചെയർമാൻ ഒഎസ് ഉണ്ണികൃഷ്ണൻ വിശദീകരിക്കുന്നത്. ഈ നാടിന്റെ ചരിത്രവും സംസ്കാരവും നടന്ന് വളർന്ന വഴികളും കൃത്യമായി അടയാളപ്പെടുത്തുക, പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് അക്കാദമിക്ക് ഉണ്ടായിരുന്നത് എന്നും ഫോക് ലോർ അക്കാദമി ചെയർമാൻ പറയുന്നു.
