ഇൻഷുറൻസ് കിട്ടാനായി സ്വന്തം ‘മരണം’ വ്യാജമായി സൃഷ്ടിച്ചു; കാഴ്ചയില്‍ സാമ്യമുള്ളയാളെ തീയിട്ട് കൊന്നു; എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം പാളിയത് ഇവിടെ, പിന്നാലെ അറസ്റ്റും

ചെന്നൈ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. തമിഴ്നാട്ടിലെ അയനാവരം സ്വദേശിയായ ഒരു ജിം പരിശീലകന്‍ ആണ് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണത്തോടെ കൊല നടത്തിയത്. എന്നാൽ സ്വന്തം ‘മരണം’ വ്യാജമായി സൃഷ്ടിക്കാന്‍ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ പദ്ധതികളൊന്നും ഫലം കണ്ടതുമില്ല.

38 വയസുകാരനായ സുരേഷാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സംഭവങ്ങള്‍. ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന സുരേഷ്, തന്റെ മരണം വ്യാജമായി സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം വാങ്ങാനായിരുന്നു ശ്രമിച്ചത്. ഇതിനായി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് വിശദമായ പദ്ധതിയുണ്ടാക്കി.

സുരേഷുമായി കാഴ്ചയില്‍ സാമ്യമുള്ള ഒരാളെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. നേരത്തെ പരിചയമുണ്ടായിരുന്ന ദിലിബാബു എന്നയാളെ അവസാനം ഇവര്‍ ഉറപ്പിച്ചു. ദിലിബാബുവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയ ശേഷം മദ്യപിക്കുന്നതിനായി ഇയാളെ പുതുച്ചേരിയിലേക്ക് വിളിച്ചു. ഇവിടെ സുരേഷിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫാം ഹട്ടിലായിരുന്നു മദ്യപാനം. അവിടെ വെച്ച് ഫാം ഹൗസിന് തീയിട്ട് ദിലിബാബുവിനെ കൊന്നു. സുരേഷ് സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു. തീ പിടുത്തത്തില്‍ സുരേഷ് മരിച്ചെന്നു കരുതി കുടുംബം അന്ത്യകര്‍മങ്ങള്‍ ചെയ്തു

എന്നാല്‍ സംഭവത്തില്‍ പൊലീസ് ആത്മഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. സുരേഷിന്റെ സഹോദരി ജയശ്രീയുടെ മൊഴിയെടുത്ത പൊലീസ് സംഘം സുരേഷ് ആത്മഹത്യ ചെയ്തതാവാമെന്ന നിഗമനത്തില്‍ അത്തരത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടി ആത്മഹത്യകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനിയും കൈമലര്‍ത്തി. ഇതോടെ കിട്ടുമെന്നാഗ്രഹിച്ച ഒരു കോടി രൂപ കിട്ടിയതുമില്ല.

എന്നാല്‍ ഇതേസമയം മരണപ്പെട്ട ദിലിബാബുവിന്റെ അമ്മ ലീലാവതി അയാളെ പലയിടത്തും അന്വേഷിക്കുന്നുണ്ടായിരുന്നു.തെരച്ചിലുകളൊന്നും ഫലം കാണാതെ വന്നപ്പോള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് റിട്ട് നല്‍കി. ഇതിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം ദിലിബാബു അവസാനം സുരേഷിനൊപ്പമായിരുന്നു എന്ന് മനസിലാക്കി അയാളുടെ വീട്ടിലെത്തി. സുരേഷ് മരണപ്പെട്ടു എന്നായിരുന്നു വീട്ടുകാരുടെ മറുപടി. പൊലീസ് സുരേഷിന്റെ ഏതാനും സുഹൃത്തുക്കളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇവരില്‍ നിന്നാണ് ദുരൂഹമായ ചില വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. ഇത് പിന്തുടര്‍ന്ന് അന്വേഷിച്ചതോടെ സുരേഷ് മരിച്ചിട്ടില്ലെന്നും ദിലിബാബുവിനെ കൊന്ന ശേഷം ഒളിവില്‍ കഴിയുകയാണെന്നും മനസിലായി. പിന്നാലെ സുരേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: