ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. 95 വയസായിരുന്നു. ഇന്ത്യന്‍ നീതി ന്യായ രംഗത്തെ അതികായരില്‍ ഒരാളായിരുന്നു നരിമാന്‍. സുപ്രീംകോടതി ജഡ്ജി രോഹിങ്ടണ്‍ നരിമാന്‍ മകനാണ്. രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി നരിമാനെ ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.
1971 മുതല്‍ സുപ്രീം കോടതിയിലെ അഭിഭാഷകനായ അദ്ദേഹം 1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. പബ്ലിക് അഡ്മിനിസ്‌ട്രേഷനിലെ മികവിനുള്ള 19-ാമത് ലാല്‍ ബഹദൂര്‍ ശാസ്ത്രി ദേശീയ അവാര്‍ഡ് 2018 ല്‍ സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും വിശിഷ്ടമായ ഭരണഘടനാ അഭിഭാഷകരില്‍ ഒരാളായ അദ്ദേഹം നിരവധി പ്രമുഖ കേസുകള്‍ വാദിച്ചിട്ടുണ്ട്.
1972 മെയ് മുതല്‍ 1975 ജൂണ്‍ വരെ അദ്ദേഹം ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിന്നീട് അദ്ദേഹം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജി വെക്കുകയായിരുന്നു. പ്രസിദ്ധമായ എന്‍ ജെ എസി വിധി ഉള്‍പ്പെടെ നിരവധി സുപ്രധാന കേസുകള്‍ വാദിച്ചിട്ടുണ്ട്. പൗരസ്വാതന്ത്ര്യത്തിനായി തീവ്രമായി വാദിച്ചിരുന്നളാണ് അദ്ദേഹം.
ജുഡീഷ്യല്‍ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിമര്‍ശനാത്മക അഭിപ്രായങ്ങള്‍ക്ക് നരിമാന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 കേസിലെ സമീപകാല വിധിയെ കുറിച്ച് വിമര്‍ശനം ഉന്നയിച്ച നരിമാന്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഇലക്ട്രറല്‍ ബോണ്ട് കേസിലെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ ‘ബിഫോര്‍ മെമ്മറി ഫേഡ്‌സ്’ എന്ന പുസ്തകം വ്യാപകമായി വായിക്കപ്പെട്ട ഒരു പുസ്തകമാണ്.
‘ദി സ്റ്റേറ്റ് ഓഫ് നേഷന്‍’, ‘ഗോഡ് സേവ് ദി ഹോണബിള്‍ സുപ്രീം കോടതി’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങള്‍. 1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്താണ് നിയമരംഗത്തെ തുടക്കം. 1961-ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി. 70 വര്‍ഷത്തിലേറെയായി അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു.
1929ല്‍ റംഗൂണില്‍ സാം ബരിയംജി നരിമാന്‍, ബാനു നരിമാന്‍ എന്നിവരുടെ മകനായി ജനിച്ച ഫാലി, ഷിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ചരിത്രത്തിലും ബി എയും 1950-ല്‍ മുംബൈ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി .സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും അക്കാലത്ത് അത് താങ്ങാന്‍ കഴിയാതിരുന്നതിനാലാണ് നിയമപഠനം തിരഞ്ഞെടുത്തത്

