ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. വില്പന സമ്മര്‍ദവും ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കയുമാണ് വിപണിയെ ബാധിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,235 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തില്‍ മാത്രം 7.48 ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായി.
ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ട്രംപിന്റെ നീക്കം വ്യക്തമാകാത്തതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിയില്‍ തിരിച്ചടിയായത്. മൂന്നാം പാദത്തില്‍ നിഫ്റ്റി 50 കമ്പനികളുടെ പ്രതിയോഹരി വരുമാന വളര്‍ച്ച മൂന്നു ശതമാനത്തിലൊതുങ്ങുമെന്ന ബ്ലൂംബര്‍ഗിന്റെ വിലയിരുത്തലും ആഘാതമായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സൊമാറ്റോ എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടിരിക്കുന്നത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 7.48 ലക്ഷം കോടി കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ഇതോടെ ആകെ വിപണി മൂല്യം 428.11 ലക്ഷം കോടിയായി താഴ്ന്നു.
രണ്ട് സ്‌റ്റോക്കുകള്‍ മാത്രമാണ് ഇന്ന് നേരിയ രീതിയിലെങ്കിലും വിപണിയില്‍ നേട്ടമുണ്ടാക്കിയത്. അള്‍ട്രാ സിമന്റ്, എച്ച്‌സിഎല്‍ ടെക് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരികള്‍ മാറ്റമില്ലാതെ നില്‍ക്കുകയാണ്.
