Headlines

കാട്ടിറച്ചി കടത്തിയെന്ന് യുവാവിനെതിരെ കള്ളക്കേസ്; വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി





തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി.കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ 20 നാണ് സംഭവം. നടപടി വിവാദമായതോടെ സർക്കാർ നിർദ്ദേശപ്രകാരം വനംവകുപ്പ് സിസിഎഫ് നീതു ലക്ഷ്മി അന്വേഷണം നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലന്നും കണ്ടെത്തി.

ഇതോടെ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി അനിൽ കുമാർ ഉൾപ്പെടെ ഒൻപതു ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. സരുണിന്‍റെ പരാതിയിൽ 13 ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തു. സരുൺ സജിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസ് വനം വകുപ്പു പിൻവലിക്കുകയും ചെയ്തു.

കേസിൽ ബി രാഹുൽ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും അറസ്റ്റിലാകുകയും റിമാൻഡിൽ കഴിയേണ്ടി വരികയും ചെയ്തു. മനുഷ്യാവകാശ കമ്മീഷനും പട്ടിക ജാതി പട്ടിക വർഗ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. സരുൺ സജിയുടെ കുടുംബവും ഉള്ളാട മഹാസഭയും നടത്തിയ സമരത്തെ തുടർന്ന് പ്രതികളായ വനവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി.
2024 ജനുവരിയിൽ പ്രോസിക്യൂഷൻ അനുമതി തേടി പൊലീസ് സർക്കാരിന് കത്ത് നൽകി. എന്നാൽ പ്രതികളുടെ സ്വാധീനം മൂലം ഒരു വർഷത്തിനു ശേഷമാണ് അനുമതി നൽകിയത്. അധികം വൈകാതെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: