ടോക്കിയോ: പ്രശസ്ത ജാപ്പനീസ് നടി മിഹോ നകയാമ അന്തരിച്ചു. താരത്തെ ടോക്കിയോയിലെ വസതിയിലെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും അമ്പത്തിനാലുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല. അഭിനയത്തിന് പുറമേ ഗായിക എന്ന നിലയിലും പ്രതിഭ തെളിയിച്ച വനിതയായിരുന്നു മിഹോ നകയാമ.
ഡിസംബർ ആറിന് ഒസാക്കയിൽ നടത്താനിരുന്ന സംഗീത പരിപാടി ആരോഗ്യപ്രശ്നങ്ങൾ മൂലം താരം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം.ഇന്നലെയാണ് നകയാമയെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മുൻ നിശ്ചയിച്ച പരിപാടിയിൽ നകയാമ ഹാജരാകാതിരുന്നതിനെ തുടർന്ന് സുഹൃത്ത് എമർജൻസി സർവീസുമായി ബന്ധപ്പെടുകയായിരുന്നു. പാരാമെഡിക്കുകൾ സ്ഥലത്തെത്തിയപ്പോഴേക്കും നകയാമ മരിച്ചിരുന്നു.
മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1980കളിലും 90കളിലും ജെ പോപ്പ് രംഗത്ത് നിറഞ്ഞുനിന്ന താരമായിരുന്നു നകയാമ. 1995 ൽ പുറത്തിറങ്ങിയ ‘ലവ് ലെറ്റർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ‘ടോക്കിയോ വെതർ’ (1997) എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. 1985ൽ ‘മൈഡോ ഒസാവാഗസെ ഷിമാസു’ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ നകയാമ 22 സ്റ്റുഡിയോ ആൽബങ്ങളും എട്ട് നമ്പർ 1 സിംഗിൾസും പുറത്തിറക്കിയിട്ടുണ്ട്.
