പ്രശസ്ത സിനിമ സീരിയൽ താരം കനകലത അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.

നാടകത്തിൽനിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കനകലത നാടകരംഗത്ത് സജീവമായിരുന്നു.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്‌ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്‌ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ൽ ഓഗസ്റ്റ് 24-ന് ജനനം. കൊല്ലം സർക്കാർ ഗേൾസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1980-ൽ ഉണർത്തുപാട്ട് എന്ന സിനിമയിൽ അഭിനയിച്ചു. ആദ്യ ചിത്രം റിലീസായില്ല.

ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് കനകലത സജീവമായിരുന്നു. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ചില്ല് എന്ന സിനിമയിലൂടെ ബിഗ്‌സ്ക്രീനിലെത്തി. അഭിനയം തന്നെയാണ് തന്റെ ജീവിതമാർഗം എന്നുറപ്പിച്ച അവർ നിരവധി സീരിയലുകളിലും വേഷമിട്ടു. ആരോഗ്യപ്രശ്‌നങ്ങൾ കാരണം സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: