കോഴിക്കോട്: പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകി മലയാള മണ്ണ്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ കഥാകാരനെ ഒരു നോക്ക് കാണാനായി എത്തിയത്. വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. സഹോദരന്റെ മകൻ ടി. സതീശൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. എം.ടിയുടെ വസതിയായ സിതാരയിൽ നിന്ന് ആരംഭിച്ച അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ, ബാങ്ക് റോഡ്, കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ് വഴിയാണ് ശ്മശാനത്തിലേക്ക് എത്തിയത്.

