ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക  സംഘടനകള്‍

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. അഞ്ഞൂറോളം കർഷക കൂട്ടായ്‌മകളുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ചയാണ് (എസ്കെഎം) ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

താങ്ങുവില ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ പലതവണ കേന്ദ്ര സർക്കാരിനു മുന്നിൽ ഉയർത്തി കാണിച്ചിട്ടും ഇതുവരെ സർക്കാരിന്റെ ഭാഗത്ത്നിന്നു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കർഷകർ ആരോപിക്കുന്നു. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.

ജലന്ധറിൽ നടന്ന എസ്കെഎമ്മിന്റെ അഖിലേന്ത്യാ കൺവെൻഷൻ, ഉൽപ്പാദന സഹകരണ സംഘങ്ങളെയും മറ്റ് ജനകേന്ദ്രീകൃത മാതൃകകളെയും അടിസ്ഥാനമാക്കി കാർഷിക മേഖലയിൽ ബദൽ നയങ്ങൾ തേടാനും തീരുമാനിച്ചു. ഫെബ്രുവരി 16 ന് വ്യവസായിക പണിമുടക്കിനുള്ള സാധ്യത പരിഗണിക്കാൻ എസ്കെഎം ബുധനാഴ്ച കേന്ദ്ര ട്രേഡ് യൂണിയനുകളുമായും ചർച്ച നടത്തുന്നുണ്ട്.

പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരെ വോട്ട് ചെയ്ത് കേന്ദ്രത്തിലെ കോർപ്പറേറ്റ് അനുകൂല, കർഷക വിരുദ്ധ ബിജെപി സർക്കാരിനെതിരെ പ്രതികരിക്കണമെന്ന് യോഗത്തിൽ അംഗങ്ങൾ അഭ്യർത്ഥിച്ചു. കർഷകരുടെ സാമ്പത്തിക സ്ഥിതി ബോധപൂർവം വഷളാക്കാനുള്ള നയങ്ങളാണ് കേന്ദ്രം ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും എസ്കെഎം ആരോപിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: