തൃശ്ശൂര്‍: ചാലക്കുടി വീണ്ടും പുലി ഭീതിയിൽ. ഇന്നലെ രാത്രിയിൽ വളര്‍ത്തു നായയെ പുലി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്നനാട് കുറുവക്കടവ് സ്വദേശി ജനാര്‍ദ്ദന മേനോന്റെ വീട്ടിലായിരുന്നു ഇന്നലെ പുലിയെത്തിയത്. നായയുടെ കുരകേട്ട് വീട്ടുകാര്‍ ജനാലയിലൂടെ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. നായയുടെ കൂട് പൊളിക്കാൻ ശ്രമം നടത്തിയിട്ടാണ് പുലി പിൻവാങ്ങിയത്. ഏറെ നേരം നായുടെ കൂടിന് ചുറ്റും നടന്നെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നും വീട്ടുകാർ പറഞ്ഞു. ചാലക്കുടി നഗരത്തില്‍ പുലിയെ കണ്ടതിന് പിന്നാലെയാണ് അന്നനടയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ജനാലയിലൂടെ നോക്കിയപ്പോള്‍ നായയെ ആക്രമിക്കുന്ന പുലിയെ വ്യക്തമായി കണ്ടതായി വീട്ടുടമയായ സ്ത്രീ പറയുന്നു. നായയുടെ അസാധാരണമായ കുരകേട്ടാണ് നോക്കിയത്, അപ്പോള്‍ കണ്ടത് പുലി നായയെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ്, വീട്ടുടമ നന്ദിനി പറയുന്നു. നായയെ കടിച്ചുവലിച്ച് കൊണ്ടുപോകാനാണ് പുലി ശ്രമിച്ചുകൊണ്ടിരുന്നതെന്നും കൂട്ടിൽ ചങ്ങലകൊണ്ട് കെട്ടിയിട്ടിരുന്നതിനാല്‍ ഇതിന് സാധിക്കാതിരിക്കുന്നതാണ് തങ്ങള്‍ ജനലിലൂടെ കണ്ടതെന്നും വീട്ടിലുണ്ടായിരുന്നവര്‍ പറയുന്നു.
പുലിയെ കണ്ട് നന്ദിനി ഒച്ചവെക്കുകയും മകനെ വിളിച്ചുണര്‍ത്തുകയും ചെയ്തു. മകനും നാട്ടുകാരും ചേര്‍ന്ന് കൂടുതല്‍ ബഹളംവയ്ക്കുകയും സമീപപ്രദേശത്തെ ലൈറ്റുകള്‍ ഇടുകയും ചെയ്തതോടെയാണ് പുലി ഓടിമറഞ്ഞത്. സംഭവമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തി. പുലിയുടെ ആക്രമണ ശ്രമത്തിൽ നായയ്ക്ക് കഴുത്തിനും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങിയ ദൃശ്യങ്ങള്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് അന്നനാട്ടിലും പുലി ഇറങ്ങിയ വാര്‍ത്ത പുറത്തുവരുന്നത്. നാട്ടുകാര്‍ കനത്ത ഭീതിയിലാണ്.
പുലിയുടെ സാമിപ്യമുണ്ടെന്ന് സംശയിക്കുന്ന ചാലക്കുടിപ്പുഴയോരത്ത് വെള്ളിയാഴ്ച രാത്രി വനപാലകർ തിരിച്ചിൽ നടത്തി. പുഴയിൽ ബോട്ടിറക്കിയാണ് തെർമൽ ക്യാമറ ഉപയോഗിച്ച് തീരങ്ങൾ നിരീക്ഷിച്ചത്. പുലിക്ക് കെണിയൊരുക്കി കൂടുസ്ഥാപിച്ച കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപമുള്ള പുഴഭാഗങ്ങളിലാണ് കൂടുതൽ പരിശോധന നടന്നതെങ്കിലും കണ്ടെത്താനായില്ല. കെണിവെച്ച് കൂടൊരുക്കിയിട്ടുള്ള പറമ്പിലും പുലിയുടെ സാമീപ്യം വെള്ളിയാഴ്ച കണ്ടെത്തിയിട്ടില്ല. കൂടും പരിസരവും സിസിടിവി നിരീക്ഷണത്തിലാണ്. ഇതിനിടെ ഇരയായി വെച്ചിരുന്ന ആടിന് വനപാലകർ രാവിലെ തീറ്റ നൽകി. പുറത്തിറക്കി നടത്തിച്ച് വീണ്ടും കൂട്ടിലാക്കി.
എസ്എച്ച് കോളേജ്, സിഎംഐ സ്കൂൾ ഭാഗങ്ങളിൽ പുലിയെ കണ്ടുവെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ ഈ ഭാഗങ്ങളിലും വനപാലക സംഘം തിരിച്ചിൽ നടത്തി. എന്നാൽ, പുലിയുടെ കാൽപ്പാടുകൾ പോലും കണ്ടെത്തിയിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. കണ്ടുവെന്ന് പറയുന്ന സ്ഥലം ജാതിത്തോട്ടം ഉൾപ്പെടെയുള്ള മേഖലയാണ്. പറമ്പുകളിൽ നല്ല ഈർപ്പമുണ്ടായിട്ടും പുലിയുടെ കാൽപ്പാടുകൾ കാണാനായില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പുതിയ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ അറിയിച്ചു.
അതേസമയം ചെറിയ കുട്ടികൾ ഒറ്റയ്ക്കു പുറത്തിറങ്ങരുത്. രാത്രി സമയത്തു തനിച്ചുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 14നു കൊരട്ടി ചിറങ്ങര മംഗലശേരി റോഡിലെ വീട്ടിൽ നിന്നു പുലി വളർത്തു നായയെ പിടികൂടി കൊണ്ടുപോയതോടെയാണു മേഖലയിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൃത്യം 10 ദിവസത്തിനു ശേഷം 24നു പുലർച്ചെ 4.53ഓടെയാണു നിരീക്ഷണ ക്യാമറയിൽ പുലി വീടിനു മുൻപിലെ മുറ്റത്തു കൂടി നടന്നു പോകുന്ന ദൃശ്യം പതിഞ്ഞത്. ചിറങ്ങര മംഗലശേരി ഭാഗത്തു കണ്ട പുലി തന്നെയാണോ ചാലക്കുടിയിലും എത്തിയതെന്ന കാര്യം വ്യക്തമല്ല.
