ചാലക്കുടി: വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്കു ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിനോടു ചേർന്നുള്ള വെള്ളക്കുഴിയിൽ വീണാണ് കുട്ടി മരിച്ചത്. ജാർഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകൾ അനന്യയാണു മരിച്ചത്. കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.
ടൈൽ കമ്പനി തൊഴിലാളികളായ ചന്ദ്രദേവും അനുവും ഇന്നു ജോലിക്കു പോയിരുന്നില്ല. ഇവർ താമസസ്ഥലത്തു വിശ്രമിക്കുന്നതിനിടെ കുട്ടി കളിച്ചു പുറത്തേയ്ക്കിറങ്ങിയപ്പോൾ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണു പൊലീസിന്റെ നിഗമനം. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
മുൻപ് മണ്ണെടുത്തുണ്ടായ 4 അടിയോളം താഴ്ചയുള്ള കുഴിയിലാണ് കുട്ടി വീണത്. കുഴിയിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. കുട്ടിയെ കാണാതെ അച്ഛനും അമ്മയും നടത്തിയ തിരച്ചിലിലാണു കുട്ടിയെ കുഴിയിൽ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചാലക്കുടി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
കളിക്കുന്നതിനിടെ വെളളക്കുഴിയിൽ വീണു; രണ്ടു വയസുകാരിക്കു ദാരുണാന്ത്യം
