നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഗ്രേസ് ആന്റണി വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഗ്രേസിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരിക്കുകയാണ്. ചിത്രത്തില്‍ ഗ്രേസിന്റേയും എബിയുടേയോ മുഖം കാണാന്‍ സാധിക്കില്ല.
പ്രണയ വിവാഹമാണ് ഇരുവരുടേതുമെന്നാണ് റിപ്പോർട്ടുകള്‍. ‘ശബ്ദങ്ങളില്ല, വെളിച്ചങ്ങളില്ല, ആളുകളില്ല, ഒടുവില്‍ ഞങ്ങള്‍ അത് നേടി’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഗ്രേസ് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ഗ്രേസിനും എബിക്കും ആശംസകളറിയിക്കുന്നുണ്ട്.
മലയാളത്തിലെ മിന്നും താരമാണ് ഗ്രേസ് ആന്റണി. 2016 ല്‍ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രമാണ് ശ്രദ്ധ നേടിക്കൊടുക്കുന്നത്. പിന്നീട് തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം, റോഷാക്ക്, അപ്പന്‍, പറന്തു പോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.
