വാഷിങ്ടൺ: സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെയാണ് ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു.
പുക ഉയർന്ന ഉടനെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ബോയിങിന്റെ 737 മാക്സ് 8 വിമാനം മയാമിയിലേക്ക് പോകുകയായിരുന്നു. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതായി കമ്പനി അറിയിച്ചു. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽനിന്ന് താഴേക്ക് നിരങ്ങി ഇറങ്ങുന്നതും ലാൻഡിങ് ഗിയറിൽ തീ കത്തുന്നതും അടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യാത്രക്കാരെ റൺവേയിൽ ഇറക്കിയ ശേഷം ബസുകളിൽ ടെർമിനലിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. സംഭവത്തെത്തുടർന്ന് ബോയിങ് വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയതായി അമേരിക്കൻ എയർലൈൻസ് സ്ഥിരീകരിച്ചു.
