ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് നിയമസഭ. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് യു.സി.സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറി. രാജ്യമാകെ നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ ഘട്ടമാണ് ഉത്തരാഖണ്ഡിൽ നടപ്പാക്കപ്പെടുന്നത്.
ബില്ല് ആർക്കും എതിരല്ലെന്നും എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടത്തിനാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തുടനീളമുള്ള ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി. അത് ആദ്യം പാസാക്കുന്നത് ഉത്തരാഖണ്ഡാണ്.
ഞങ്ങൾക്ക് അധികാരത്തിൽ വരാനും ഒടുവിൽ ബിൽ പാസാക്കാനും അവസരം നൽകിയ എല്ലാ എം.എൽ.എമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ധാമി നന്ദി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ജയ് ശ്രീറാം, വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം. ബില്ലിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു.
വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും തുല്യ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇതിൽനിന്ന് സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. കൂടാതെ ഭരണഘടനയുടെ 21ാം ഭാഗമനുസരിച്ച് ആചാരപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യക്തികളെയും ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഉത്തരാഖണ്ഡിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും നിയമം ബാധകമായിരിക്കും.
