ആദ്യം മരിച്ചയാളുടെ സംസ്കാരത്തിന് എത്തിയവര്‍ കൂട്ടമായി വ്യാജമദ്യം കുടിച്ചു, കള്ളക്കുറിശ്ശിയില്‍ വില്ലനായത് ‘പാക്കറ്റ് ചാരായം’; വിറ്റയാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയിലുണ്ടായ മദ്യദുരന്തത്തിനിരയായത് അനധികൃതമായി നിര്‍മ്മിച്ച പാക്കറ്റ് ചാരായം കുടിച്ചവര്‍. ജില്ലാ കലക്ടര്‍ എം എസ് പ്രശാന്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരുണാപുരം സ്വദേശി സുരേഷ് ആണ് വ്യാജമദ്യം കഴിച്ച് ആദ്യം മരിച്ചത്. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സുരേഷിന്റെ സംസ്‌കാര ചടങ്ങിനെത്തിയവരും വ്യാജമദ്യം കഴിച്ചിരുന്നു.


കൂലിവേലയെടുച്ച് ഉപജീവനം കഴിച്ചിരുന്നവരാണ് ദുരന്തത്തിനിരയായത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലര്‍ക്ക് തലകറക്കം, തലവേദന, ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും 4 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെന്നൈയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ്, മദ്യദുരന്തമുണ്ടായ കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരം ഗ്രാമം.

അതിനിടെ, വ്യാജമദ്യ ദുരന്തത്തില്‍ മരണം 34 ആയി ഉയര്‍ന്നു. 66 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദഗ്ധ ചികിത്സയ്ക്കായി 15 പേരെ ജിപ്‌മെറില്‍ പ്രവേശിപ്പിച്ചു. വ്യാജമദ്യ ദുരന്തത്തില്‍ ഇതുവരെ 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിടിയിലായവരില്‍ രണ്ടു സ്ത്രികളും ഉള്‍പ്പെടുന്നു. മേഖലയില്‍ നിന്നും 900 ലിറ്റര്‍ വ്യാജമദ്യം പിടികൂടിയിട്ടുണ്ട്. മദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് ഉള്‍പ്പെടെ മൂന്നുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഗോവിന്ദരാജില്‍ നിന്നും 200 ലിറ്റര്‍ മദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യത്തില്‍ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായിട്ടാണ് സൂചന. വ്യാജമദ്യദുരന്തത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയും കള്ളക്കുറിച്ചിയിലേക്ക് പോയി. അതിനിടെ മദ്യദുരത്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയും രംഗത്തെത്തി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമെന്നാണ് വിജയ് കുറ്റപ്പെടുത്തിയത്. വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് ഗവര്‍ണര്‍ രവി വിമര്‍ശിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: