തൃശൂര്‍: കൊടുങ്ങല്ലൂരിലെ മേത്തലയിൽ ആമയിറച്ചിയുമായി അഞ്ച് പേര്‍ പിടിയിൽ. കേസിൽ സിബീഷ്, മേത്തല സ്വദേശികളായ ഷമീർ, രാധാകൃഷ്ണൻ, മുരുകൻ, റസൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ആമ ഇറച്ചി പാചകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആണ് ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് ഇവരെ പിടികൂടിയത്.
മേത്തല അഞ്ചപ്പാലം കേരളേശ്വരപുരം ക്ഷേത്രത്തിന് സമീപം മുല്ലേഴത്ത് ഷൺമുഖൻ്റെ വീട്ടിൽ നിന്നുമാണ് അഞ്ച് ആമകളുടെ ഇറച്ചി കണ്ടെടുത്തത്. പരിയാരം കൊന്നക്കുഴി കറുത്ത ആമകളെയും, സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട വെളുത്ത ആമകളെയുമാണ് കറി വെയ്ക്കാനായി കൊന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
കേസിലെ ഒന്നാം പ്രതിയായ ഷൺമുഖനെ പ്രായം കണക്കിലെടുത്ത് അറസ്റ്റിൽ നിന്നും ഒഴിവാക്കി. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

