പാലക്കാട്: കശ്മീരിലുണ്ടായ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചിറ്റൂര്‍ സ്വദേശി മനോജാണ് മരണപ്പെട്ടത്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.
ഇന്ന് രാവിലെ മനോജ് മരിച്ചവിവരം നോര്‍ക്ക ഓഫീസ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ 30-നാണ് നെടുങ്ങോടുനിന്ന് പതിമൂന്നംഗസംഘം വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗര്‍-ലേ പാതയില്‍ രണ്ടുവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ ഒരുവാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ ആര്‍ അനില്‍ (34), എസ് സുധീഷ് (32), കെ രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവര്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ 6.10-നാണ് നാല് ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ ചിറ്റൂരിലേക്കെത്തിച്ചത്. ശ്രീനഗറില്‍നിന്ന് മുംബൈവഴിയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചശേഷം, നോര്‍ക്ക ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മൃതദേഹങ്ങള്‍ വീടുകളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം രാത്രി ഒമ്പതരയോടെ മന്തക്കാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
