പാലക്കാട്: സ്കൂളിൽ അഞ്ച് മിനിറ്റ് എത്താൻ വൈകിയ മൂന്നാം ക്ലാസുകാരിയെ ഗെയ്റ്റിന് വെളിയിൽ വെയിലത്ത് അരമണിക്കൂറോളം നിർത്തി ശിക്ഷിച്ചെന്ന് ആരോപിച്ച് സ്കൂളിനെതിരെ രക്ഷിതാവിന്റെ പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ഒരു മാസം മുൻപാണ് സംഭവം. 8.20നാണ് ലയൺസ് സ്കൂളിൽ ക്ലാസ് തുടങ്ങുന്നത്. വിനോദിൻറെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ അഞ്ച് മിനിറ്റ് വൈകിയാണ് സംഭവ ദിവസം സ്കൂളിലെത്തിയത്. ഗേറ്റ് അടച്ച സ്കൂൾ ജീവനക്കാർ ഇത് തുറന്നില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിന് ശേഷം വിനോദിൻ്റെ മകൾ ഇതുവരെ സ്കൂളിൽ പോയിട്ടില്ല. തനിക്ക് ആ സ്കൂളിൽ പോകേണ്ടെന്ന നിലപാടിലാണ് മകൾ. അതേസമയം ഇത്തരം ശിക്ഷാരീതികൾ സ്കൂളിൽ പാടില്ലെന്ന് പ്രിൻസിപ്പലിന് കർശന നിർദേശം നൽകിയതായി മേനേജ്മെൻ്റ് വ്യക്തമാക്കി. എന്നാൽ സ്കൂളിൻറ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാളിൻറെ വിശദീകരണം

