വാക്ക് പാലിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ;പക വീട്ടി നെടുമങ്ങാട് അർബൻ ബാങ്ക്



നെടുമങ്ങാട് :ലോൺ കുടിശ്ശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാകുമാരിയുടെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികൾ എടുത്തതിനെ തുടർന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു.

നെടുമങ്ങാട് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നടപടികളെ തുടർന്ന് വീട്ടുകാരെ പുറത്താക്കി വീട് പൂട്ടിയപ്പോൾ തന്നെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി പിന്തുണ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഗ്രീൻ മർച്ചന്റ് അസോസിയേഷൻ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനുള്ള സന്നദ്ധത മന്ത്രിയെ അറിയിച്ചു. ജപ്തി നടപടികൾ ഒഴിവാക്കുന്നതിനുള്ള 2,16,215 രൂപയുടെ ചെക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ ഗ്രീൻ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പോൾ രാജ് പ്രഭാകുമാരിക്ക് കൈമാറി.വീട് മുദ്ര വച്ച് പൂട്ടുമ്പോൾ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ഉണ്ടെങ്കിൽ ജപ്തിയിൽ നിന്ന് ഒഴിവാക്കി വീടിന്റെ പ്രമാണം തിരികെ നൽകാമെന്നാണ് ബാങ്ക് അധികാരികൾ പറഞ്ഞത്. മന്ത്രിയുടെ ഇടപെടലിൽ വിഷയം പുറത്തിറഞ്ഞതിലുള്ള ബാങ്കിന്റെ പക അടയ്ക്കാനുള്ള കുടിശ്ശികയിൽ തുക കൂട്ടി പറഞ്ഞാണ് നിർധനരായ കുടുംബത്തെ നെടുമങ്ങാട് അർബൻ ബാങ്ക് അധികൃതർ വീണ്ടും ദ്രോഹിച്ചത്.

ജപ്തി നടപടികളുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ കുടുംബങ്ങളെ തെരുവിലിറക്കുന്ന സമീപനം സ്വീകരിക്കരുതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മാനുഷിക നിലപാട് സ്വീകരിച്ച് അർഹമായ സാവകാശം ഉപഭോക്താക്കൾക്ക് നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാകണമെന്നും മന്ത്രി പറഞ്ഞു. വീട് നഷ്ടപ്പെട്ട് നിസ്സഹായരായ അവസ്ഥയിൽ സഹായത്തിനായി മുൻകയ്യെടുത്ത മന്ത്രിക്കും പൊതു പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി പ്രഭാകുമാരി പറഞ്ഞു. 85 വയസ്സുള്ള അമ്മയും ശാരീരിക വിഷമതയുള്ള ഭർത്താവുമായി അഞ്ച് സെന്റിലെ ഒറ്റ മുറിയിൽ ജീവിക്കുന്ന സാഹചര്യത്തിലാണ് ജപ്തി നടപടികളുണ്ടായത്. വീടും വസ്തുവും തിരികെ ലഭിക്കാൻ തുക നൽകിയ ഗ്രീൻ മർച്ചന്റ് അസോസിയേഷനും നന്ദി അറിയിക്കുന്നതായി പ്രഭാകുമാരി പറഞ്ഞു. അമ്മ യശോദക്കും ഭർത്താവ് സജിമോനുമൊപ്പമാണ് പ്രഭാകുമാരി സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലെത്തി ചെക്ക് സ്വീകരിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: