ലഖ്‌നൗ: മക്കളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അച്ഛൻ അറസ്റ്റിൽ. രണ്ട് പെണ്‍മക്കളെ ആണ് ഇയാൾ കഴിഞ്ഞ നാലുവര്‍ഷമായി പീഡിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ നാൽപതുകാരനെയാണ് പോലീസ് പിടികൂടിയത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
15,17 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായത്. പീഡനത്തെത്തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്ന പെണ്‍കുട്ടികളെ അധ്യാപകരാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് പതിനേഴുകാരിയോട് അധ്യാപിക കാര്യം തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ അധ്യാപിക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പിതാവിന്റെ ഉപദ്രവം ഭയന്ന് ഏറെ താമസിച്ചാണ് പെണ്‍കുട്ടികള്‍ പലപ്പോഴും വീട്ടില്‍ പോയിരുന്നതെന്നാണ് പോലീസ് പറയുന്നത്. പിതാവ് ജോലിക്കൊന്നും പോകാത്തതിനാല്‍ അമ്മയാണ് ജോലിചെയ്ത് കുടുംബം നോക്കിയിരുന്നത്. സ്‌കൂളില്‍നിന്ന് മടങ്ങുന്ന പെണ്‍കുട്ടികള്‍ വീട്ടില്‍ പോകാന്‍ ഭയമായതിനാല്‍ ഏറെനേരം പാര്‍ക്കിലിരിക്കാറാണ് പതിവെന്നും തുടര്‍ന്ന് അമ്മ ജോലി കഴിഞ്ഞെത്തിയതിന് ശേഷമാണ് ഇവര്‍ വീട്ടില്‍ പോയിരുന്നതെന്നും പോലീസ് പറഞ്ഞു.
